യുപിയില്‍ ബിജെപിക്ക് വീണ്ടും നാണക്കേട്; മോദിയുടെ മണ്ഡലത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തതിന് ബിജെപി നേതാവ് അറസ്റ്റില്‍

single-img
24 May 2018

മുപ്പത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജെപി ബദോഹി യൂണിറ്റ് മുന്‍ അധ്യക്ഷന്‍ കനയ്യ ലാല്‍ മിശ്രയാണ് അറസ്റ്റിലായത്. വാരണാസിയിലെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

കനയ്യ ലാലുമായി ഫോണിലൂടെയുള്ള ബന്ധമാണ് യുവതിക്കുണ്ടായിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് വനിതാ ഉദ്യോഗസ്ഥയുമായുള്ള കൂടിക്കാഴ്ചക്കെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. ലോഡ്ജിലെത്തിയ യുവതിയെ കനയ്യ ലാല്‍ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ചോദ്യംചെയ്യലിനിടെ കര്‍ഷകനാണെന്ന് പറഞ്ഞ കനയ്യ ലാല്‍ ബിജെപിയുമായുള്ള ബന്ധം നിഷേധിച്ചു. എന്നാല്‍ കനയ്യ ലാല്‍ ബദോഹി യൂണിറ്റ് പ്രസിഡന്റ് ആയിരുന്നുവെന്ന് വാരണാസി നേതാവ് മഹേഹ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

യുപിയിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ബിജെപിയെ നാണക്കേടിലാക്കി പുതിയ സംഭവം.