കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രി മാത്രം; ചര്‍ച്ചയ്ക്കായി കുമാരസ്വാമി ഡല്‍ഹിയില്‍

single-img
21 May 2018

ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്ര നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാളെ ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബുധനാഴ്ച നടക്കുമെന്ന് കരുതുന്ന വിശ്വാസവോട്ടെടുപ്പിന് ശേഷം മാത്രമേ മറ്റ് മന്ത്രിസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ജനതാദള്‍ (എസ്) കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ചര്‍ച്ചകള്‍ക്കായി ഇന്നു ഡല്‍ഹിയില്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന കുമാരസ്വാമി, സര്‍ക്കാര്‍ രൂപീകരണത്തിനു നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിക്കും. ബുധനാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം പിറ്റേന്നു വിശ്വാസവോട്ടെടുപ്പും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും.

രണ്ടര വര്‍ഷത്തിനു ശേഷം അധികാരം കൈമാറാമെന്ന വ്യവസ്ഥ കോണ്‍ഗ്രസുമായി ഇല്ലെന്നും അഞ്ചു വര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രിയായിരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ശനിയാഴ്ച നടന്ന ദള്‍ കോണ്‍ഗ്രസ് സംയുക്ത നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രിമാരെ നിര്‍ണയിച്ചെന്ന അഭ്യൂഹങ്ങള്‍ കുമാരസ്വാമി തള്ളി. വിശ്വാസവോട്ടെടുപ്പിനു ശേഷമേ മന്ത്രിമാര്‍ ആരെന്ന് അന്തിമ തീരുമാനമുണ്ടാകൂ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.