അടിക്ക് തിരിച്ചടി; അവസാനം പാക് സൈന്യം വെടിനിര്‍ത്തലിന് അപേക്ഷിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ചുട്ട മറുപടി ഇന്ത്യ നല്‍കിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്ഥാന് ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) .
ജമ്മുവില്‍ നിന്ന് 30കി.മി അകലെ മൂന്നു ഭാഗങ്ങളിലും പാക് സേനയാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ അഗ്നൂര്‍ മേഖലയിലേക്ക് ഇന്ത്യ റോക്കറ്റ് തൊടുത്തു വിട്ടു. പ്രകോപനമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതോടെ പാക് സേന വെടിനിര്‍ത്തലിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പാക് വെടിവെപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയിരുന്നു.
അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കാക്കുന്നത് പാകിസ്ഥാന്റെ അര്‍ദ്ധസൈനിക വിഭാഗമാണ്.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ അര്‍നിയ മേഖലയില്‍ നടന്ന പാക് വെടിവെപ്പില്‍ ബി.എസ്.എഫ് സൈനികനായ സീതാറാം ഉപാദ്ധ്യായ(28) കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.