ഇന്ധന വില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ 80 രൂപയിലേക്ക്

single-img
15 May 2018

തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 79.01 രൂപയിലും ഡീസലിന് 72.05 രൂപയിലുമാണ് വ്യാപാരം.

അതേസമയം ചെറിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഏപ്രിലില്‍ ഉയര്‍ന്നു. 4.58 ശതമാനമാണ് ഏപ്രില്‍ മാസത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

മത്സ്യം, മാംസം, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം കൂടാന്‍ കാരണം. നാലു മാസത്തിനിടെ ഇത് ആദ്യമായാണ് ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2.99 ശതമാനം ആയിരുന്നു പണപ്പെരുപ്പ നിരക്ക്.

മാര്‍ച്ചില്‍ ഇത് 4.28 ശതമാനവും. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 3.18 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യ, ഇന്ധന മേഖലയിലെ വിലക്കയറ്റമാണ് ഇതിനു കാരണം. മാര്‍ച്ചില്‍ ഇത് 2.47 ശതമാനമായിരുന്നു.

കേന്ദ്ര സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മാംസം, മത്സ്യം തുടങ്ങിയവയുടെ വില ഏപ്രിലില്‍ 3.59 ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ വര്‍ധന 3.17 ശതമാനം ആയിരുന്നു. പഴങ്ങളുടെ പോയ മാസത്തെ വില വര്‍ധന 5.78 ശതമാനമായിരുന്നത് ഏപ്രിലില്‍ 9.65 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പച്ചക്കറി വില 7.29 ശതമാനമായി താഴ്ന്നു. മാര്‍ച്ചില്‍ ഇത് 11.7 ശതമാനം ആയിരുന്നു.

തൊട്ടു മുന്‍ മാസമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന, വൈദ്യുതി മേഖകളിലെ പണപ്പെരുപ്പം കാര്യമായ വര്‍ധനയില്ല. ഇത് 5.24 ശതമാനമായി താഴ്ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഉയരുന്നതും പ്രധാന വെല്ലുവിളിയാണ്.