കൊച്ചി ടസ്‌കേഴ്‌സിനുള്ള നഷ്ടപരിഹാരത്തുകയില്‍ നിന്ന് 100 കോടി കെട്ടിവയ്ക്കാന്‍ ബിസിസിഐക്ക് നിര്‍ദ്ദേശം

single-img
11 May 2018

കൊച്ചി ടസ്‌കേഴ്‌സിനുള്ള നഷ്ടപരിഹാരത്തുകയില്‍ നിന്ന് 100 കോടി കെട്ടിവയ്ക്കാന്‍ ബിസിസിഐക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കേസ് നടക്കുന്ന ബോംബെ ഹൈക്കോടതിയിലാണ് തുക കെട്ടി വയ്‌ക്കേണ്ടത്. തര്‍ക്ക പരിഹാരത്തിന്റെ ഭാഗമായി 800 കോടി രൂപ നല്‍കേണ്ട കേസിലാണ് സുപ്രീം കോടതി ഉത്തരവ്.

പണം നല്‍കുന്നതിന് എതിരായ ബിസിസിഐ ഹര്‍ജി ഹൈക്കോടതി വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ടീമിന്റെ അംഗീകാരം റദ്ദാക്കിയതിന് കൊച്ചി ടസ്‌കേഴ്‌സ് ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വാര്‍ഷിക പലിശ അടക്കം 800 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ ഉത്തരവിനെതിരെയാണ് ബിസിസിഐ സുപ്രിംകോടതിയെ സമീപിച്ചത്.

ആര്‍ബിട്രേഷന്‍ നിയമങ്ങളാണ് കേസില്‍ ബാധകമാകുകയെന്നും ഇതിനാല്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ബിസിസിഐയുടെ വാദം. എന്നാല്‍ ഈ വാദം സുപ്രീംകോടതി നിരാകരിച്ചു. കൊച്ചിന്‍ ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2015 ലാണ് ആര്‍ബിട്രേറ്റര്‍ വിധിച്ചത്.

പണം നല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വിധി നടപ്പിലാക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് 18 ശതമാനം വാര്‍ഷിക പലിശയടക്കം ബിസിസിഐ 800 കോടിയോളം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ പിന്നീട് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് ബിസിസിഐ സുപ്രിം കോടതിയെ സമീപിച്ചത്.