ഉപയോഗശൂന്യമെന്ന് കരുതി എല്‍.ഇ.ഡി. ബള്‍ബുകള്‍ കളയാന്‍ വരട്ടെ; അത് നന്നാക്കിത്തരാന്‍ വിദ്യാര്‍ഥികളെത്തും

single-img
10 May 2018

കേടായ എല്‍.ഇ.ഡി. ബള്‍ബുകള്‍ ഇനി കളയണ്ട. അവ നന്നാക്കാന്‍ കുട്ടികളെത്തും. വി.എച്ച്.എസ്.ഇ സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാരാണ് ഉപയോഗശൂന്യമായ ബള്‍ബുകള്‍ പുനരുപയോഗിക്കാന്‍ അവസരമൊരുക്കുന്നത്.

കെ.എസ്.ഇ.ബി. വിതരണം ചെയ്ത എല്‍.ഇ.ഡി. ബള്‍ബുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇതിന്റെ ഭാഗമായി 10 മുതല്‍ 25വരെയുള്ള തീയതിക്കിടെ എല്ലാ വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും രണ്ടു ദിവസത്തെ ക്യാമ്പ് നടക്കും. ക്യാമ്പിലൂടെ 300ഓളം തദ്ദേശസ്വയംഭരം സ്ഥാപനങ്ങളിലെ വീടുകളിലെത്തി ഇവര്‍ ബള്‍ബുകള്‍ നന്നാക്കി കൊടുക്കും.

കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 308 എന്‍.എസ്.എസ്. യൂണിറ്റുകളിലായി 13,700 എന്‍.എസ്.എസ്. വൊളന്റിയര്‍മാരാണുള്ളത്. വൊളന്റിയര്‍മാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നത് വി.എച്ച്.എസ്.ഇ. വകുപ്പിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് അധ്യാപകരും വിദ്യാര്‍ഥി, പൂര്‍വവിദ്യാര്‍ഥികളുമാണ്.

എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതാണ് ആദ്യഘട്ടം. ഇതിന് ശേഷം അതത് സ്‌കൂളുകളുടെ പങ്കാളിത്ത വാര്‍ഡുകളില്‍നിന്ന് കേടായ ബള്‍ബുകള്‍ ശേഖരിക്കും. തുടര്‍ന്ന് അവയില്‍ കഴിയാവുന്നിടത്തോളം നന്നാക്കി നല്‍കും. സ്‌കൂളുകളില്‍ എത്തിച്ച് അവിടെവെച്ച് കേടായ ഭാഗങ്ങള്‍ മാറ്റും. സൗജന്യമായാണ് ബള്‍ബുകള്‍ വിദ്യാര്‍ഥികള്‍ ശരിയാക്കിത്തരുക.