കാസര്‍കോട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

single-img
4 May 2018

കാസര്‍കോട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ എടപ്പറമ്പിലെ രാധാകൃഷ്ണന്‍ (40), ഭാര്യ പ്രസിത (30), കാശിനാഥ് (അഞ്ച്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

മക്കളെ കയര്‍ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. കൂലിപ്പണിക്കാരനാണ് രാധാകൃഷ്ണന്‍. മാട്ടപിഞ്ചിയില്‍ പുതുതായി പണിത വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ആറു മണിവരേ വീട്ടില്‍ ഇവര്‍ ഉണ്ടായിരുന്നു.

മുറ്റത്ത് കുട്ടികള്‍ കളിക്കുന്നതും അയല്‍വാസികള്‍ കണ്ടിരുന്നു. രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കിടപ്പുമുറിയിലായിരുന്നു നാലു പേരുടേയും മൃതദേഹം. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കാസര്‍ഗോഡ് ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലതെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.