ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും: 73 മരണം

single-img
3 May 2018

ഉത്തരേന്ത്യയില്‍ ശക്തമായ കാറ്റും മഴയും മൂലം 73 പേര്‍ മരിച്ചു. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് കാറ്റും മഴയും ശക്തി പ്രാപിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പ്രകൃതി ക്ഷോഭമുണ്ടായത്. ആദ്യം സാവധാനം തുടങ്ങിയ കാറ്റ് പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു.

കിഴക്കന്‍ രാജസ്ഥാനില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ 27 പേരും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലുണ്ടായ കാറ്റിലും മഴയിലും 45 പേരുമാണ് മരിച്ചത്. രാജസ്ഥാനിലെ അല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലാണ് കാറ്റ് വീശിയത്. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു.

മരങ്ങള്‍ വീണ് വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ അല്‍വാര്‍ കഴിഞ്ഞ രാത്രി മുതല്‍ തന്നെ ഇരുട്ടിലാണ്. ഭരത്പൂരിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പൊടിക്കാറ്റില്‍ 11 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നാലു ജില്ലകളിലായി 42 പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്.

ആഗ്രയില്‍ 36 പേരും ബിജ്‌നോറില്‍ മൂന്നും സഹരന്‍പുരില്‍ രണ്ടും ബറേലിയില്‍ ഒരാളും മരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. മണ്ണും കല്ലും മറ്റും അടിഞ്ഞുകൂടുന്നതു കാരണം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

രാജസ്ഥാനിലെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം ഒഴിവാക്കി.

കനത്ത കാറ്റും മഴയും ഡല്‍ഹിയെയും ബാധിച്ചു. രണ്ട് ആഭ്യന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍നിന്നുള്ള 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് വരെയാണു ചൂട് ഉയര്‍ന്നത്. പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.