കാബൂളില്‍ ഇരട്ട സ്‌ഫോടനം: മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു

single-img
30 April 2018

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഷാദരക് പ്രദേശത്താണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രദേശത്തേക്ക് ആംബുലന്‍സ് വരികയും ത്വരിതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിനിടക്കാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ആദ്യ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും കൂടി നില്‍ക്കുന്നയിടത്താണ് രണ്ടാം സ്‌ഫോടനം നടന്നത്.

ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് സൂചന. രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.