ബിജെപിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ദീപക് ശങ്കരനാരായണനെതിരെ കേസെടുത്തു

single-img
27 April 2018

തിരുവനന്തപുരം: കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിനോടുള്ള പ്രതികരണമായി ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദീപക് ശങ്കര നാരായണനെതിരേ പൊലീസ് കേസെടുത്തു. ബിജെപി സംസ്ഥാന മീഡിയാ കണ്‍വീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആര്‍. വാചസ്പതി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൈക്കാട് സൈബര്‍ പൊലീസാണു കേസെടുത്തിരിക്കുന്നത്. ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനീയറാണു ദീപക്. അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്.

പരാതിക്കാരനായ സന്ദീപിനെ വിളിച്ചുവരുത്തി സൈബര്‍ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തി. ബിജെപിക്കു വോട്ടു ചെയ്തവരെ മുഴുവന്‍ വെടിവച്ചു കൊല്ലണമെന്ന് ഫെയ്‌സ്ബുക് വഴി ആഹ്വാനം ചെയ്തതിനാണു ദീപക്കിനെതിരെ പരാതി നല്‍കിയതെന്നു സന്ദീപ് പറഞ്ഞു.

സംഭവം വിവാദമായതോടെ ദീപക് ശങ്കരനാരായണന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും ദീപക് വിശദീകരിച്ചു. ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം #SolidartiyWithDeepak എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും സജീവമായിരുന്നു.