മോട്ടോര്‍ സൈക്കിളില്‍ 10 മണിക്കൂറിലധികം നീണ്ട അഭ്യാസപ്രകടനം; ലിംക ബുക്കില്‍ ഇടം നേടി ബിഎസ്എഫ് ജവാന്‍മാര്‍

single-img
26 April 2018

ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സി(ബിഎസ്എഫ്)ന്റെ മോട്ടോര്‍ സൈക്കിള്‍ ട്രിക്ക് സവാരി സംഘമായ ജന്‍ബാസിലെ രണ്ട് ജവാന്‍മാര്‍ക്ക് റെക്കോര്‍ഡ് നേട്ടം. മോട്ടോര്‍സൈക്കിളിന് മുകളില്‍ വലിയൊരു കോണി വെച്ച് അതിന് മുകളില്‍ കയറി നിന്ന് 10 മണിക്കൂറിലധികം സാഹസിക പ്രകടനം നടത്തിയതിനാണ് ഇരുവരും ലിംക ബുക്കില്‍ ഇടം നേടിയത്.

ഇന്‍സ്‌പെക്ടര്‍ അവ്‌ദേഷ് കുമാര്‍ സിംഗും ഹെഡ് കോണ്‍സ്റ്റബിള്‍ ദുര്‍വേഷ് കുമാറുമാണ് ഈ സാഹസിക പ്രകടനം നടത്തി റെക്കോര്‍ഡ് നേട്ടത്തിന് ഉടമകളായത്. 16.5 അടി നീളമുള്ള കോണിയ്ക്കും ഏണിയ്ക്കും മുകളിലായി 10 മണിക്കൂര്‍ 34 മിനിറ്റ് 27 സെക്കന്റ് വരെയാണ് ഇരുവരും സാഹസിക പ്രകടനം നടത്തിയത്.

350സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലായിരുന്നു പ്രകടനം. ഡല്‍ഹിയിലെ ചാവ്‌ല ബിഎസ്എഫ് ക്യാമ്പിലായിരുന്നു അഭ്യാസപ്രകടനം. ഇന്ത്യന്‍ സൈന്യത്തിന്റെ 9 മണിക്കൂര്‍ 4 മിനിറ്റ് 5 സെക്കന്റെന്ന റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. 1990ലാണ് ബിഎസ്എഫിന്റെ ജന്‍ബാസ് രൂപീകരിച്ചത്.