കെഎസ്ആര്‍ടിസി മാതാവും, താന്‍ പിതാവും, ജീവനക്കാര്‍ മക്കളെപ്പോലെയെന്നും തച്ചങ്കരി: കെ.എസ്.ആര്‍.ടി.സിയിലെ അദര്‍ഡ്യൂട്ടി സംവിധാനം അവസാനിപ്പിച്ചു

single-img
23 April 2018

കെഎസ്ആര്‍ടിസിയിലെ നാല്‍പത്തയ്യായിരത്തോളം വരുന്ന തൊഴിലാളികള്‍ തന്റെ മക്കളെപ്പോലെയാണെന്നു സിഎംഡി ടോമിന്‍ ജെ. തച്ചങ്കരി. താന്‍ തൊഴിലാളികളുടെ പിതാവും കെഎസ്ആര്‍ടിസി മാതാവുമാണ്. അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്ന ജീവനക്കാര്‍ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്നോര്‍ക്കണമെന്ന് എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ‘ഗാരിജ് പ്രസംഗ’ത്തില്‍ തച്ചങ്കരി പറഞ്ഞു.

കെഎസ്ആര്‍ടിസി ലാഭത്തിലാക്കണമെന്ന് ആരും തന്നോടു നിര്‍ദേശിച്ചിട്ടില്ല. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലുമല്ല. എന്നാല്‍, സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ എന്തുചെയ്യാനും ഒരുക്കമാണ്. ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരുപോലെ ശമ്പളം എന്ന സ്ഥിതി നടക്കില്ല.

കെഎസ്ആര്‍ടിസി ഉണ്ടാക്കിയതു തൊഴിലാളികള്‍ക്കു വേണ്ടിയല്ല, യാത്രക്കാര്‍ക്കു വേണ്ടിയാണ്. അസുഖമുണ്ടെന്ന പേരില്‍ ഇവിടെ പലര്‍ക്കും ലളിതമായ ഡ്യൂട്ടിയിടുന്ന രീതിയുണ്ടായിരുന്നു. അതു നിര്‍ത്തലാക്കി. കയ്യും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെഎസ്ആര്‍ടിസി. ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്. ലോകത്തെ എല്ലാ ദുഃഖങ്ങളും മാറ്റാന്‍ കെഎസ്ആര്‍ടിസിക്കു കഴിയില്ല.

സ്ഥാപനത്തിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട്, ഞങ്ങള്‍ ഇങ്ങനെയായിരുന്നു എന്നു പറഞ്ഞാല്‍ അത് അനുവദിക്കാനാകില്ല. തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റം വരുത്തണം. യാത്രക്കാരോടു നന്നായി പെരുമാറാന്‍ കഴിയണം. യാത്രക്കാരനോട് ഒരു വനിതാ കണ്ടക്ടര്‍ ഹൗ ആര്‍ യൂ എന്നു ചോദിച്ചാല്‍ പിറ്റേന്നും അയാള്‍ ആ കെഎസ്ആര്‍ടിസി ബസില്‍ തന്നെ കയറുമെന്നും തമാശരൂപേണ തച്ചങ്കരി പറഞ്ഞു.

അതിനിടെ ഷണ്ടിംഗ് ഡ്യൂട്ടിയും അദര്‍ ഡ്യൂട്ടിയും ചെയ്യുന്നതില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരേയും ഡ്രൈവര്‍മാരേയും വിലക്കി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടു. ജീവനക്കാരുടെ അഭാവം കാരണം ദിവസവും ഇരുന്നൂറോളം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് എംഡിയുടെ ഉത്തരവ്.

ഷണ്ടിംഗ് ജോലികള്‍ ഇനി മുതല്‍ ഡ്രൈവിംഗ് അറിയുന്ന മെക്കാനിക്കല്‍ ജീവനക്കാര്‍ നിര്‍വഹിക്കണമെന്നും ഡ്രൈവിംഗ് അറിയുന്നവര്‍ എത്രയും പെട്ടെന്ന് ഹെവിവെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്നും എംഡി നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ക്വയറി കൗണ്ടറിലും ഓഫീസ് ജോലിയിലും ഇനി മുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ മാത്രമേ നിയമിക്കാവൂ എന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു.

അസുഖബാധിതരായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടിയാണ് അദര്‍ഡ്യൂട്ടി സംവിധാനം അവതരിപ്പിച്ചതെങ്കിലും കോര്‍പറേഷന്‍ ജീവനക്കാര്‍ ഇത് ചൂഷണം ചെയ്യുന്നുവെന്ന പരാതി നേരത്തെ തൊട്ടേ ഉണ്ടായിരുന്നു. എന്നാല്‍ യൂണിയന്‍ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിനെതിരെ നടപടിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. മുന്‍ഗാമികള്‍ക്ക് നടപ്പാക്കാന്‍ മടിച്ച ഈ പരിഷ്‌കാരത്തിലാണ് ചുമതലയേറ്റ ആദ്യവാരം തന്നെ തച്ചങ്കരി കൈവച്ചിരിക്കുന്നത്.