‘വവ്വാല്‍ ക്ലിക്ക്’ ഫോട്ടോഗ്രാഫര്‍ വിഷ്ണുവാണ് ഇപ്പോള്‍ താരം

single-img
19 April 2018

മരത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍ തൃശൂര്‍ തൃത്തല്ലൂരിലെ വിഷ്ണു മനസില്‍പോലും കരുതിയിരുന്നില്ല ഇങ്ങനെയൊക്കെ പ്രശസ്തനാകുമെന്ന്. മരത്തില്‍ തൂങ്ങിക്കിടന്ന് നവദമ്പതികളുടെ ഫൊട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോയും വീഡിയോയും വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

അതോടെ വിഷ്ണു സോഷ്യല്‍ മീഡിയയിലെ താരമായി. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇലക്ട്രോണിക്‌സ് ഡിപ്ലോമയാണ് പഠിച്ചത്. പക്ഷേ ഫൊട്ടോഗ്രഫിയില്‍ കമ്പം കയറി ഫോട്ടോഗ്രാഫറായി.

‘വവ്വാല്‍ ക്ലിക്ക്’ എന്ന പേരില്‍ അറിയിപ്പെടുന്ന ഫോട്ടോയെടുക്കല്‍ രീതിയാണിതെന്ന് വിഷ്ണു പറഞ്ഞു. ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോ എടുക്കുമ്പോള്‍ വേണ്ടത്ര ക്വാളിറ്റി കിട്ടില്ല. അതുകൊണ്ടാണ് വെറൈറ്റിക്കുവേണ്ടി ഇങ്ങനെ ഫോട്ടോ എടുത്തതെന്ന് വിഷ്ണു പറഞ്ഞു.

സഹപ്രവര്‍ത്തകന്റെ കൈത്തണ്ടയില്‍ ചവിട്ടി മരത്തില്‍ പൊത്തിപ്പിടിച്ചു കയറി ചാഞ്ഞുനിന്ന ചില്ലയില്‍ തൂങ്ങിയാണ് ഫൊട്ടോയെടുത്തത്. വിഡിയോ വൈറലായ ശേഷം ഇനി മരത്തില്‍ കയറി സാഹസം കാട്ടരുതെന്ന് വീട്ടുകാര്‍ വിഷ്ണുവിനെ ഉപദേശിച്ചിട്ടുണ്ട്. പക്ഷേ, ഫോട്ടോയ്ക്കു വേണ്ടി ഇനിയും മരത്തില്‍ കയറുമെന്ന് വിഷ്ണു പറയുന്നു.

പിന്നെ, വിഷ്ണുവിന്റെ സാഹസിക പ്രകടനം ലോകം മുഴുവന്‍ കണ്ടപ്പോള്‍ പ്രശസ്താരാകാന്‍ നവദമ്പതികള്‍ക്കും ഭാഗ്യംകിട്ടി. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷെയ്‌സ് റോബര്‍ട്ടാണ് വരന്‍. ദുബൈയില്‍ മെയില്‍ നഴ്‌സാണ്. വധു നവ്യ എം.കോം വിദ്യാര്‍ഥിനിയും.

കടപ്പാട്: മനോരമന്യൂസ്