കഴിഞ്ഞ 20 വര്‍ഷമായി എല്ലാദിവസവും ഒന്നുരണ്ടു കിലോ ചീത്ത കേള്‍ക്കാറുണ്ട്; അതായിരിക്കാം തന്റെ ചുറുചുറുക്കിന്റെ രഹസ്യമെന്ന് മോദി

single-img
19 April 2018

കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിക്കിടെ ഉയര്‍ന്ന ചോദ്യങ്ങളിലൊന്ന് എന്താണ് താങ്കളുടെ ചുറുചുറുക്കിന്റെ രഹസ്യമെന്നായിരുന്നു.

വളരെ രസകരമായാണ് മോദി ഇതിന് മറുപടി നല്‍കിയത്. തന്റെ ഈ പ്രസരിപ്പിനും ഊര്‍ജത്തിനും ഒരുപാട് കാരണങ്ങളുണ്ടെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയ മോദി, കഴിഞ്ഞ 20 വര്‍ഷമായി എല്ലാദിവസവും ഒന്നുരണ്ടു കിലോ ചീത്ത കേള്‍ക്കാറുണ്ട്, അതായിരിക്കാം തന്റെ ചുറുചുറുക്കിന് കാരണമെന്ന മറുപടിയാണ് നല്‍കിയത്.

മറുപടി പറഞ്ഞ് കുറേ നേരം മോദി തന്നെ വേദിയിലിരുന്നു സ്വയം ചിരിക്കുകയും ചെയ്തു. കയ്യടികളോടെയാണ് മോദിയുടെ മറുപടിയെ സദസ്സ് സ്വീകരിച്ചത്. ചോദ്യവും അതിന് മോദി നല്‍കിയ മറുപടിയും വൈറലാകുകയാണിപ്പോള്‍. വെസ്റ്റ് മിനിസ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ രണ്ടു മണിക്കൂറോളമായിരുന്നു പരിപാടി നടന്നത്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍.