ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്നു മോദി

single-img
19 April 2018

ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയില്‍വേ സ്റ്റേഷനിലെ ആ ചായക്കച്ചവടക്കാരന്‍ ഇന്ന് 125 കോടി ഇന്ത്യക്കാരുടെ സേവകനായി റോയല്‍ പാലസില്‍ ഇരിക്കുന്നു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ‘ഭാരത് കീ ബാത്, സബ് കെ സാത്’ പരിപാടിയില്‍ സംവദിക്കുകയായിരുന്നു മോദി.

‘സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്നാണു ജനം കരുതുന്നത്. പക്ഷെ വികസന പ്രവൃത്തികളില്‍ ജനങ്ങളും പങ്കാളികളാകണം. പങ്കാളിത്ത ജനാധിപത്യം സദ്ഭരണത്തിലേക്കു നയിക്കും. 1857 മുതല്‍ സ്വതന്ത്ര്യസമരം ഇന്ത്യയില്‍ നടക്കുന്നുണ്ട്. മഹാത്മാ ഗാന്ധി രംഗപ്രവേശനം ചെയ്തതോടെയാണു ജനങ്ങളില്‍ ഐക്യം ഉടലെടുത്തത്. അതു ജനകീയ മുന്നേറ്റവുമായി. അതുപോലെ വികസനമെന്നതും ജനമുന്നേറ്റത്തിന്റെ ഭാഗമാണ്.

‘റെയില്‍വേസ്റ്റേഷനില്‍ നിന്ന് രാജകൊട്ടാരത്തിലേക്ക് എന്നുപറയാന്‍ എളുപ്പമാണ്. പക്ഷേ ആ യാത്ര വളരെയധികം പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ ചായക്കച്ചവടക്കാരനായുള്ള ജീവിതം ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചു. ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ചായക്കച്ചവടക്കാരനു പ്രധാനമന്ത്രിയാവാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണത്.

‘മാനഭംഗം, മാനഭംഗം തന്നെയാണ്. ഈ സര്‍ക്കാരിന്റെ കാലത്തെയും മുന്‍ സര്‍ക്കാരിന്റെ കാലത്തെയും പീഡനങ്ങളുടെ എണ്ണം താരതമ്യം ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല. പീഡനം അതീവ ദുഃഖകരമായ സംഭവമാണ്. മാനഭംഗത്തെ ഒരുക്കലും രാഷ്ട്രീയവത്കരിക്കരുത്.

‘ജീവിതത്തോടുള്ള ത്വര ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ട്. ജനങ്ങള്‍ ഞങ്ങളില്‍ നിന്നൊരുപാടു പ്രതീക്ഷിക്കുന്നു. എന്തെങ്കിലും കാര്യം പറഞ്ഞാല്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നു ജനത്തിന് അറിയാം. സൈക്കിള്‍ കൈവശമുള്ളയാള്‍ സ്‌കൂട്ടറിനും, സ്‌കൂട്ടര്‍ ഉള്ളയാള്‍ കാറിനും ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്. പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഞാന്‍ തളരാറില്ല.

‘എന്നെ മാത്രമായി വിമര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ. എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം. ടീം ഇന്ത്യ എന്നതാണ് എന്റെ ആശയം. ഇന്ത്യയ്ക്കു ലക്ഷക്കണക്കിനു പ്രശ്‌നങ്ങളുണ്ട്. അതിനെല്ലാം കോടിക്കണക്കിനു പരിഹാരവുമുണ്ട്. രാജ്യത്തെ ജനങ്ങളെ പൂര്‍ണമായി വിശ്വസിക്കുന്നു. ഞാന്‍ നിങ്ങളെപ്പോലെ സാധാരണക്കാരനാണ്. ജന്മനാ പ്രധാനമന്ത്രി പദവിയിലെത്താന്‍ മാത്രം മഹത്തമുള്ള ആരുടെയും ചെറുമകനോ മകനോ അല്ല. സാധാരണക്കാര്‍ക്കു സംഭവിക്കാവുന്ന വീഴ്ചകള്‍ എനിക്കുമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.