കശ്മീര്‍ മന്ത്രിസഭയിലെ മുഴുവന്‍ ബി.ജെ.പി. മന്ത്രിമാരും രാജിവെക്കും

single-img
18 April 2018

ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ ബാക്കിയുള്ള ഒമ്പത് ബി.ജെ.പി. മന്ത്രിമാര്‍ കൂടി രാജിക്കൊരുങ്ങുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം ചൊവ്വാഴ്ച വൈകീട്ട് ബി.ജെ.പി. കേന്ദ്രനേതൃത്വം കശ്മീരിലെ ബി.ജെ.പി. മന്ത്രിമാര്‍ക്കു നല്‍കി. മന്ത്രിമാര്‍ രാജിവെക്കുകയാണെങ്കില്‍ പി.ഡി.പി-ബി.ജെ.പി. സഖ്യത്തിനു വിള്ളല്‍ വീണേക്കും.

എന്നാല്‍, കഠുവ കേസിലെ പ്രതികളെ ബി.ജെ.പി. മന്ത്രിമാര്‍ അനുകൂലിച്ചെന്ന ആക്ഷേപത്തില്‍നിന്നു കരകയറുന്നതിന്റെ ഭാഗമായി മന്ത്രിസഭാ അഴിച്ചുപണി ആലോചനയിലാണ്. അതിനു മുന്നോടിയായാണ് രാജിക്കു നിര്‍ദേശിച്ചതെന്നാണ് ബി.ജെ.പി.യുടെ ഔദ്യോഗിക വിശദീകരണം. ഭരണത്തിന് ബി.ജെ.പി. നല്‍കുന്ന പിന്തുണ പിന്‍വലിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് ഖന്നയാണ് രാജിവെയ്ക്കല്‍ നിര്‍ദേശം ഔദ്യോഗികമായി അറിയിച്ചത്. 2015 മാര്‍ച്ച് ഒന്നിന് കശ്മീരില്‍ നിലവില്‍ വന്ന പി.ഡി.പി.-ബി.ജെ.പി. സഖ്യസര്‍ക്കാരില്‍ 11 ബി.ജെ.പി. മന്ത്രിമാരാണുണ്ടായിരുന്നത്. ഇതില്‍ ലാല്‍ സിങ്ങും ചന്ദര്‍ പ്രകാശ് ഗംഗയും വെള്ളിയാഴ്ച രാജി നല്‍കിയിരുന്നു.

കഠുവ പ്രതികളെ അനുകൂലിച്ച് ജമ്മുവില്‍ നടന്ന റാലിയില്‍ പങ്കെടുത്തെന്നതും അനുകൂലിച്ച് പ്രസംഗിച്ചെന്നതും ആക്ഷേപമായി ഉയര്‍ന്നതോടെ കേന്ദ്രനേതൃത്വം ഇരുവരോടും രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചതിനു പിന്നാലെയാണ് അവശേഷിക്കുന്ന ഒമ്പത് ബി.ജെ.പി. മന്ത്രിമാരോടും രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉള്‍പ്പെടെ 25 പേരാണ് കശ്മീര്‍ മന്ത്രിസഭയിലുള്ളത്. ഇതില്‍ 14 പേര്‍ പി.ഡി.പി. മന്ത്രിമാരാണ്.