വ്യാജ ഹര്‍ത്താല്‍ കാര്യമായി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമം; വാഹനങ്ങള്‍ തടഞ്ഞു: ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലിംലീഗ്

single-img
16 April 2018

ജമ്മു കശ്മീരിലെ കത്വവയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടയുന്നു. ദേശീയപാതയിലടക്കമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നത്.

കോഴിക്കോട്, ബേപ്പൂര്‍, അടിവാരം, വടകര എന്നിവിടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് ഉള്‍പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. കാസര്‍കോട്ട് കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട് വാഹനം തടഞ്ഞവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. പൊലീസിനുനേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘം ചേര്‍ന്ന് വാഹനം തടയുകയായിരുന്നുന്നു. മാത്തോട്ടത്ത് കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏഴുപേരെ മാറാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

അടിവാരം, ചെറുവാടി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വകാര്യ ബസുകളുടെ ഓട്ടം തടയാന്‍ ശ്രമിച്ചു. പലയിടത്തും ഇരുചക്രവാഹനങ്ങളിലെത്തിയ അപരിചിതരാണ് വാഹനം തടയുന്നതിനും കട അടപ്പിക്കുന്നതിനും ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തീരദേശമേഖലയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തെത്തുടര്‍ന്ന് മലപ്പുറത്തും മിക്കയിടത്തും വാഹനംതടയലും സംഘര്‍ഷവും നടക്കുകയാണ്. തടയുന്നത് കാരണം ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ സര്‍വീസുകള്‍ മാത്രമേ നിരത്തിലുള്ളൂ. കോഴിക്കോട് മലപ്പുറം – പാലക്കാട് റൂട്ടില്‍ രാമപുരം, മക്കരപ്പറമ്പ്, തിരൂര്‍ക്കാട് എന്നിവിടങ്ങളിലും കൊണ്ടോട്ടിയില്‍ വിവിധ കേന്ദ്രങ്ങളിലും വാഹനം തടയുന്നു. പെരിന്തല്‍മണ്ണ പട്ടാമ്പി റൂട്ടിലും ഗതാഗതതടസ്സമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കുട്ടികളാണ് വാഹനം തടയുന്നത്.

തിരൂര്‍ മേഖലയില്‍ പരക്കെ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. മഞ്ചേരി, പെരിന്തല്‍മണ്ണ നഗരങ്ങളില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ പ്രകടനം നടത്തി. കോഴിക്കോട് മലപ്പുറം റൂട്ടില്‍ കൊണ്ടോട്ടിയില്‍ റോഡില്‍ ടയര്‍ കത്തിച്ചു.

കുറ്റിപ്പുറത്ത് പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു. വണ്ടൂരില്‍ മത്സ്യമാംസ മാര്‍ക്കറ്റുകള്‍ അടപ്പിച്ചു. വെട്ടത്തൂര്‍ മണ്ണാര്‍മലയില്‍ വാഹനം തടഞ്ഞ 15 പേരെ കസ്റ്റഡിയിലെടുത്തു. അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളും വാഹനം തടയാന്‍ മുന്‍പിലുണ്ടെന്ന് പൊലീസ് പറയുന്നു.

അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്നത്തെ ഹര്‍ത്താലിന് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.