സംസ്ഥാനത്ത് ഒരുകൂട്ടമാളുകള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുന്നു: പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

single-img
16 April 2018

 

തിരുവനന്തപുരം: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഒരുകൂട്ടമാളുകള്‍ ഹര്‍ത്താല്‍ നടത്തുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്താകമാനം ഒരുകൂട്ടമാളുകള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുന്നത്. പാലക്കാട്ട് വാഹനം തടയാന്‍ തുടങ്ങിയതോടെ സ്ഥലത്തേക്കു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു തുടങ്ങി. കണ്ണൂരിലും ഹര്‍ത്താലിന്റെ പേരില്‍ രാവിലെ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. നിലവില്‍ വാഹങ്ങള്‍ ഓടുന്നുണ്ടെങ്കിലും ഹോട്ടലുകള്‍ അടക്കമുള്ള കടകള്‍ തുറന്നിട്ടില്ല.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, ബേപ്പൂര്‍, വടകര, കിണാശ്ശേരി, കടിയങ്ങാട്, തലയാട്, കാസര്‍ഗോഡ് വിദ്യാനഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവമ്പ്രം, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്. വണ്ടി തടയല്‍ വ്യാപകമായതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്.

കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ തന്നെ നടന്ന മറ്റൊരു ക്യാംപെയ്‌ന്റെ ഭാഗമായി ഇന്നലെ കേരളത്തിലെ പ്രധാന തെരുവുകളില്‍ ഇതേ വിഷയത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും യുവാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞുള്ള ഇന്നത്തെ സമരത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രഹസ്യാന്വേഷണവിഭാഗം ഇന്നലെ ഉച്ചമുതല്‍ ശ്രമിച്ചിട്ടും ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായില്ല. ഹര്‍ത്താല്‍ ആഹ്വാനം വെറും തമാശയായി കണ്ട പോലീസിനെ ഞെട്ടിച്ചുകൊണ്ടാണ് ഒരുസംഘം കടകളടപ്പിക്കാനും ബസ് തടയാനും ശ്രമിച്ചത്.