നരേന്ദ്ര മോദിയുടെ മണ്ഡലമായ വഡോദരയിൽ ബിജെപി നേതാക്കൾ ഹാരാർപ്പണം ചെയ്ത അംബേദ്ക്കർ പ്രതിമ ദളിത് പ്രവർത്തകർ ശുദ്ധീകരിച്ചു
വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വഡോദരയിൽ ബിജെപി നേതാക്കൾ ഹാരാർപ്പണം ചെയ്ത അംബേദ്ക്കർ പ്രതിമ ദളിത് പ്രവർത്തകർ ശുദ്ധീകരിച്ചു.
കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ആദരവ് അർപ്പിച്ച ശേഷമായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ബിജെപി എംപി രഞ്ചൻബെൻ ഭട്ട്, മേയർ ഭരത് ദംഗർ, ബിജെപി എംഎൽഎ യോഗേഷ് പട്ടേൽ എന്നിവർക്കൊപ്പമാണ് മന്ത്രി ചടങ്ങിനെത്തിയത്. ഇവർക്കെതിരെ ദളിത് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.
ഇവരുടെ സാന്നിദ്ധ്യം അംബേദ്ക്കർ പ്രതിമയെ മലിനമാക്കിയെന്ന് ബറോഡ മഹാരാജ് സായറാവു സർവകലാശാല എസ്സി-എസ്ടി എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി താക്കൂർ സോളങ്കി പറഞ്ഞു.മന്ത്രി സംഘം മടങ്ങിയ ശേഷം പാലും വെള്ളവും ഉപയോഗിച്ച് പ്രതിമ ദളിത് പ്രവർത്തകർ വൃത്തിയാക്കി.