ഓണ്‍ലൈന്‍ വാര്‍ത്തകളെ ഭയന്ന് മോദി സര്‍ക്കാര്‍: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നു

single-img
6 April 2018

വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ പിടിമുറുക്കുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഒരുക്കാനാണ് കേന്ദ്ര നീക്കം. ഇതിനായി പത്തംഗ കമ്മിറ്റിക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്.

വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സമിതി. ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍, എന്റര്‍ടൈന്‍മെന്റ് സൈറ്റുകള്‍ എന്നിവയുടെയെല്ലാം നിയന്ത്രണത്തിനും ഏകോപനത്തിനും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് സമിതിയുടെ ഉദ്ദേശം.

നിലവില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു രൂപരേഖയും ഇന്ത്യയില്‍ നിലവിലില്ല. ഇതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അവയെ നിയിന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

രാജ്യാന്തര തലത്തില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് നിലനില്‍ക്കുന്ന നിയമങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ളതാകും സമിതിയുടെ റിപ്പോര്‍ട്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ മാദ്ധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിന് വാര്‍ത്താ വിതരണ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ അടക്കം വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ശക്തമായതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇടപെട്ട് അത് പിന്‍വലിക്കുകയായിരുന്നു.