കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് ഗുരുതരമായ വൃക്കരോഗം: ശസ്ത്രക്രിയ ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

single-img
5 April 2018

കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്.

മന്ത്രിയുടെ വൃക്ക മാറ്റിവെക്കാന്‍ നിര്‍ദ്ദേമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജയ്റ്റ്‌ലി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല.

ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിലെ നടപ്പ് സമ്മേളനം കഴിഞ്ഞതിനുശേഷം ആശുപത്രിയില്‍ പ്രവേശിക്കാനായിരുന്നു മന്ത്രിയുടെ തീരുമാനം. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ലമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് ജെയ്റ്റ്‌ലി ഭാരം കുറയ്ക്കാനുള്ള ബരിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതേകാരണം കൊണ്ടുതന്നെ ശസ്ത്രക്രിയ നടത്തുന്നതിന് ശരീരത്തിന് വേണ്ട ഭാരം ജെയ്റ്റ്‌ലിക്കില്ലെന്നാണ് വിവരം. ഏറെക്കാലമായി പ്രമേഹരോഗബാധിതനാണ് ജെയ്റ്റ്‌ലി.

ഇതും ശസ്ത്രക്രിയയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരിക്കും ശസ്ത്രക്രിയ നടത്തുക. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ നേരിടാനുള്ള മുന്‍കരുതലെന്ന നിലയ്ക്ക് ജെയ്റ്റ്‌ലിയുടെ വസതിയില്‍ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എത്തിയിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ തന്റെ കീഴില്‍ വരുന്ന വിഷയങ്ങളിലെ ഫയലുകള്‍ മുഴുവന്‍ ജെയ്റ്റ്‌ലി തീര്‍പ്പാക്കുന്നത് സ്വന്തം വസതിയില്‍ വെച്ചാണ്. കടുത്ത പ്രമേഹത്തിന് അടിമയായ ജെയ്റ്റ്‌ലി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. മോദി സര്‍ക്കാരിലെ സുപ്രധാന സ്ഥാനമാണ് ജെയ്റ്റ്‌ലിക്കുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കേന്ദ്രസര്‍ക്കാരും ആശങ്കയിലാണ്.