അമിത് ഷാ വീണ്ടും ‘സത്യം പറഞ്ഞു’: നിങ്ങള്‍ ഞങ്ങളുടെ സ്റ്റാര്‍ കാമ്പെയ്‌നറാണെന്ന് കോണ്‍ഗ്രസ്

single-img
5 April 2018

കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിന് അനുകൂല പ്രസ്താവനയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വീണ്ടും രംഗത്ത്. സില്‍ക്ക് ഉല്‍പാദനത്തില്‍ കര്‍ണാടക നമ്പര്‍ വണ്‍ ആണെന്നാണ് അമിത് ഷാ പറഞ്ഞത്. തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയായിരുന്നു അമിത് ഷായുടെ ഈ പരാമര്‍ശം.

അമിത് ഷായുടെ പരാമര്‍ശം കര്‍ണാടക കോണ്‍ഗ്രസ് ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ‘അമിത് ഷാ നന്ദി, വീണ്ടും സത്യം പറഞ്ഞതിന്. നിങ്ങള്‍ ഞങ്ങളുടെ സ്റ്റാര്‍ കാമ്പെയ്‌നറായി മാറിക്കൊണ്ടിരിക്കുകയാണ്.’ എന്നു പറഞ്ഞാണ് അമിത് ഷാ കര്‍ണാടകയെ പുകഴ്ത്തുന്ന വീഡിയോ കോണ്‍ഗ്രസ് ആഘോഷിക്കുന്നത്.

നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യദ്യൂരപ്പ അഴിമതിയില്‍ നമ്പര്‍ വണ്‍ ആണെന്ന് അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു. യദ്യൂരപ്പയെ വേദിയിലിരുത്തിയായിരുന്നു അമിത് ഷായുടെ ഈ അബദ്ധ പരാമര്‍ശം.

അതിനിടെ ഒഡീഷയിലെ ബിജെഡിക്കെതിരെ അമിത് ഷാ രംഗത്തെത്തി. ഒഡീഷയെ ബിജെഡി മറന്നെന്നും ഒഡീഷ ഭരിക്കുന്ന അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു. 18 വര്‍ഷമായി ഭരണം തുടരുന്ന ഗവണ്‍മെന്റിന് ശുദ്ധജലം പോലും ഉറപ്പു വരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഗവണ്‍മെന്റിനെതിരായ രോഷം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ജനങ്ങളോട് സംസാരിച്ചപ്പോള്‍ മാറ്റം അതിന്റെ വഴിയിലാണെന്ന് എനിക്ക് ഉറച്ചു പറയാമെന്നും അമിത് ഷാ പറഞ്ഞു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ബിജെഡിയെ തോല്‍പിച്ചിരുന്നു. അതേസമയം അമിത്ഷായുടെ സന്ദര്‍ശനം 2019ലെ നിമയസഭാ തെരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് മുന്‍ ബിജെഡി മന്ത്രി അരുണ്‍ സാഹു പ്രതികരിച്ചിരുന്നു.