തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല: വർഗീയ വിഷം ചീറ്റി ടിജി മോഹന്‍ദാസ്

single-img
4 April 2018

ഹിന്ദുവിന്റെ നീതിക്കായി തെരുവില്‍ കലാപം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. പറവൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ടി.ജി.മോഹന്‍ദാസ് വിവാദ പ്രസ്താവന നടത്തിയത്.

‘തളര്‍ച്ച ബാധിച്ചിരിക്കുകയാണ് നമുക്ക്. അതില്‍ നിന്ന് മോചിതരാകണം. കോടതികളില്‍ നിന്ന് തത്ക്കാലം ആശ്വാസം ലഭിച്ചെന്ന് വരാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കോടതിയുടെ തിണ്ണ നിരങ്ങുകയല്ല ഹിന്ദു ചെയ്യേണ്ട ജോലി. 1982-ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ.കരുണാകരനെ പോലെയുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ ഇന്ന് എന്ത് കൊണ്ട് നമുക്ക് കഴിയുന്നില്ല.

‘കളങ്ക രഹിതമായി ഒരു കാര്യം ഞാന്‍ പറയുകയാണ്. തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വരും. കോടതികളില്‍ വിശ്വാസമില്ല എന്ന് ഞാന്‍ പറയുന്നില്ല.

എന്നാല്‍ ആത്യന്തികമായി കോടതിയുടെ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല നമ്മളെന്നും മോഹന്‍ ദാസ് പറയുന്നു. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണ്’. അന്തസ്സില്ലാത്ത ജീവിതത്തേക്കാള്‍ എത്രയോ നല്ലതാണ് മരണമെന്നും മോഹന്‍ദാസ് പ്രസംഗത്തില്‍ പറയുന്നു.