അഞ്ച് ഹിന്ദു സന്യാസികള്‍ക്ക് സഹമന്ത്രി പദവി നല്‍കി: മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ വിവാദത്തില്‍

single-img
4 April 2018

ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ച് മത നേതാക്കള്‍ക്ക് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കംപ്യൂട്ടര്‍ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്.

ജല സംരക്ഷണം, വൃത്തിശീലം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് ഇവര്‍ക്ക് സഹമന്ത്രി പദവി നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ മൂന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. പദവി ലഭിച്ചവരില്‍ കംപ്യൂട്ടര്‍ ബാബയും യോഗേന്ദ്ര മഹന്തും നര്‍മ്മദാ തീരത്തെ മരം നടീലുമായി ബന്ധപ്പെട്ട അഴിമതി വിഷയത്തില്‍ റാലി നടത്താനും സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു

ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സര്‍ക്കാരെടുത്ത ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.