മോദിയുടെ മന്‍കി ബാത്തിനെക്കുറിച്ച് പുസ്തകം എഴുതിയതാര്?: വിവാദം ചൂടുപിടിക്കുന്നു

single-img
4 April 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘മന്‍ കി ബാത്: എ സോഷ്യല്‍ റവല്യൂഷന്‍ ഓണ്‍ റേഡിയോ’ എന്ന പുസ്തകത്തിന്റെ രചയിതാവിനെച്ചൊല്ലി വിവാദം കത്തുന്നു. പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന രാജേഷ് ജെയിന്‍ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നു മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

‘എന്റെ സുഹൃത്താണ് രാജേഷ് ജെയിന്‍. പുസ്തക പ്രകാശന ചടങ്ങിലേക്ക് രാജേഷ് ജെയിനെ വലിച്ചിഴക്കുകയായിരുന്നു. ചടങ്ങിലെ പ്രസംഗത്തിന്റെ പകര്‍പ്പു പോലും രാജേഷ് ജെയിന് നല്‍കുകയാണുണ്ടായത്’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് പരിപാടി സംഘടിപ്പിക്കുന്നതിന്റെ ചുമതലയുള്ള ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നയാളാണ് രാജേഷ് ജെയിനെന്നും അരുണ്‍ ഷൂരി വ്യക്തമാക്കി.

താനല്ല മന്‍ കി ബാത്തിന്റെ രചയിതാവെന്ന് ജയിന്‍ തന്നെ എന്‍ഡിടിവിയോട് വ്യക്തമാക്കിയിട്ടുണ്ട്. ‘ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എന്നോട് ആവശ്യപ്പെട്ടു. അവിടെ എന്റെ പേര് പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിലായുരുന്നു രേഖപ്പെടുത്തിയിരുന്നത്.

ആ ചടങ്ങില്‍ തന്നെ പുസ്തകത്തത്തിന്റെ രചയിതാവ് ഞാനല്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രധാനമന്ത്രിയുടെ ഓഫീസും നരേന്ദ്രമോദിയുടെ വെബ് സൈറ്റിലും രചയിതാവിന്റെ സ്ഥാനത്ത് തുടരുകയാണ്.’ ജെയ്ന്‍ പറഞ്ഞു. പുസ്തകം എഴുതിയത് ആരാണെന്നോ എന്തിനാണ് എഴുത്തുകാരന്റെ സ്ഥാനത്തെ തന്റെ പേര് രേഖപ്പെടുത്തിയതെന്നോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 25ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണു ‘മന്‍ കി ബാത്ത്: എ സോഷ്യല്‍ റെവല്യൂഷന്‍ ഓണ്‍ റേഡിയോ’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനായ ഉദയ് മഹുര്‍കറിന്റെ ‘മാര്‍ചിങ് വിത് എ ബില്യന്‍: അനലൈസിങ് നരേന്ദ്രമോദിസ് ഗവണ്‍മെന്റ് ഇന്‍ മിഡ് ടേം’ എന്ന പുസ്തകവും പുറത്തിറക്കിയിരുന്നു.

പുസ്തകം സംബന്ധിച്ചു മൂന്നു വാര്‍ത്താ കുറിപ്പുകളാണ് പിഐബി വെബ്‌സൈറ്റിലുള്ളത്. മേയ് 25ലെ കുറിപ്പില്‍ രാജേഷ് ജെയിനെന്നും പിന്നീടുള്ള രണ്ടെണ്ണത്തില്‍ രചയിതാവ് രാജേഷ് ജെയിന്‍, സമാഹരിച്ചത് രാജേഷ് ജെയിന്‍ എന്നിങ്ങനെയുമാണുള്ളത്. അതേസമയം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന പുസ്തകത്തിനു രചയിതാവിന്റെ പേര് നല്‍കിയിട്ടുമില്ല.