ദിലീപിന്റെ പുതിയ ചിത്രം കമ്മാരസംഭവത്തിനെതിരെ ഗോപിസുന്ദര്‍

single-img
4 April 2018

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ആഘോഷപൂര്‍വ്വം നടന്നിരുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ഗോപിസുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഓഡിയോ ലോഞ്ചിന്റെ പ്രോമോഷന്‍ വീഡിയോയില്‍ സംഗീത സംവിധായകനായ ഗോപിസുന്ദറിനെ ഒഴിവാക്കിയതാണ് പ്രകോപനത്തിനിടയാക്കിയത്. ചടങ്ങിന്റെ വീഡിയോ യൂട്യൂബിലിട്ടപ്പോള്‍ ഗോപി സുന്ദറിന്റെ പ്രസംഗം ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ പോസ്റ്റിട്ടു ”കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ സംഗീത സംവിധായകന്റെ സ്പീച്ച് ആരും യൂട്യൂബില്‍ ഇട്ടിട്ടില്ല. ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ എനിക്കയച്ച് തരൂ. സംഗീതസംവിധായകനെ തന്നെ ഒഴിവാക്കിയ പ്രൊമോഷന്‍ ടീമിന് നന്ദി”.

എന്നാല്‍ കുറച്ച് സമയത്തിന് ശേഷം മറ്റൊരു പോസ്റ്റുമായി ഗോപിസുന്ദര്‍ വീണ്ടും ഫേസ്ബുക്കിലെത്തി. ഓഡിയോ റിലീസിനിടെ താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം ഇങ്ങനെ കുറിച്ചു. ”ഹാവൂ എന്റെ പരാതി തീര്‍ന്നു. കരയുന്ന കുട്ടിക്കേ പാലുള്ളു.

എന്റെ വികാരങ്ങളെ മാനിച്ചവര്‍ക്ക് നന്ദി. ആരെയും കുറ്റം പറയാനില്ല. ജയ് കമ്മാരസംഭവം.”ചിത്രത്തിനായി ഗോപിസുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ട്രെയിലറിനൊപ്പം ശ്രദ്ധ നേടിയിരുന്നു.