ആഗോളഭീകരരില്‍ 139 പേരും പാകിസ്താന്‍കാര്‍; പട്ടിക യുഎന്‍ പുറത്തുവിട്ടു

single-img
4 April 2018

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ ഭീകരരുടേയും തീവ്രവാദികളുടേയും പട്ടികയില്‍ പാകിസ്ഥാനില്‍ നിന്ന് 139 പേര്‍ ഇടംപിടിച്ചു. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തയ്ബ തലവനുമായ ഹാഫിസ് സയിദ്, 1993 മുംബയ് സ്‌ഫോടനങ്ങളിലെ മുഖ്യസൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം എന്നിവരടക്കമുള്ളവരാണ് പാകിസ്ഥാനില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്.

അല്‍ക്വഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയാണ് പട്ടികയില്‍ ഒന്നാമന്‍. ഭീകര പ്രവര്‍ത്തനത്തിന് ഇന്റര്‍പോള്‍ തേടുന്ന കൊടുംകുറ്റവാളിയെന്നാണ് ഹാഫിസ് സയിദിനെ യു.എന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കറാച്ചിയിലെ നൂറാബാദില്‍ രാജകീയ സൗകര്യങ്ങളുള്ള കൊട്ടാരവും സയിദിനുണ്ടെന്ന് യു.എന്‍ പറയുന്നു.

ലഷ്‌കറിന്റെ മറ്റൊരു നേതാവും ഫാഹിസ് സെയ്ദിന്റെ അടുത്ത അനുയായിയുമായ ഹാജി മുഹമ്മദ് യഹ്യ മുജാഹിദ്, അല്‍ ക്വയ്ദ് നേതാവ് അയ്മാന്‍ അല്‍ സവാഹിരി തുടങ്ങിയവരും യുഎന്‍ പുറത്തിവിട്ട ഭീകര പട്ടികയിലുണ്ട്. കഴിഞ്ഞദിവസം അമേരിക്ക മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദിന്റെ മില്ലി മുസ്‌ലിം ലീഗിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കയുടെ നിര്‍ണായക നീക്കം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി എംഎംഎല്ലിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. രജിസ്‌ട്രേഷന് പാകിസ്താന്‍ ആഭ്യന്തര മന്ത്രാലത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.