തൂവെള്ള മഞ്ഞില്‍ കുളിച്ചൊരു സ്വര്‍ഗ വീട്

single-img
3 April 2018

സ്വര്‍ഗമെന്നാല്‍ തൂവെള്ളയായിരിക്കുമെന്നാണല്ലോ സങ്കല്‍പം. അങ്ങനെയെങ്കില്‍ തൂവെള്ള മഞ്ഞില്‍ കുളിച്ചൊരു പര്‍വ്വതത്തിന് താഴെ മനോഹരമായൊരു വീടുണ്ടെങ്കില്‍ അതിനെ എന്തു വിളിക്കും. സ്വര്‍ഗത്തിലെ വീട് എന്നു വിളിക്കാം. അമേരിക്കയിലെ അലാസ്‌ക്കയിലുള്ള ഡെനാലി നാഷണല്‍ പാര്‍ക്കിലാണ് ഈ വീടുള്ളത്.

ഇവിടെക്കെത്തണമെങ്കില്‍ ഹെലികോപ്റ്റര്‍ മാത്രമാണ് ശരണം. ഒരു രാത്രി ഇവിടെ താമസിക്കാന്‍ ഇനി ചെലവെന്താണെന്നറിയണ്ടേ? ആര്‍ക്കും ഈ വീട്ടില്‍ താമസിക്കാം. പക്ഷേ ഒരു രാത്രിക്ക് ഒന്നര ലക്ഷം രൂപ മുടക്കാന്‍ തയ്യാറാകണമെന്ന് മാത്രം.

അലാസ്‌ക നാഷണല്‍ പാര്‍ക്കില്‍ നിന്നും 6000 അടി ഉയരത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പുറം കാഴ്ച്ചകള്‍ മാത്രമല്ല, അകവും ഏറെ മനോഹരമാണ്. ആകെ അഞ്ച് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. സ്ഥല ഉടമകളായ ഡോണ്‍, റോബര്‍ട്ട് ഷെല്‍ഡണ്‍, ഷെല്‍ഡണ്‍ ഷാലറ്റ് എന്നിവരുടെ സ്വപ്‌നപദ്ധതിയായിരുന്നു ഈ വീട്.

റോബര്‍ട്ട് ഷല്‍ഡണ്‍, ഭാര്യ മാര്‍ന, സഹോദരി കെയ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് വീട് സാക്ഷാത്ക്കരിച്ചത്. പൂര്‍ണ്ണമായും മരം ഉപയോഗിച്ചാണ് വീടിന്റെ നിര്‍മ്മാണം നടത്തിയത്. അകത്ത് നെരിപ്പോടുകള്‍ അടക്കമുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വീടിന്റെ ഏത് ഭാഗത്ത് നിന്നാലും പര്‍വ്വതത്തിന്റെ മനോഹരദൃശ്യങ്ങള്‍ ആസ്വദിക്കാമെന്നതാണ് ഈ വീടിന്റെ പ്രത്യേകത.