എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

single-img
3 April 2018

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ് അദ്ധ്യാപകരെ കാണേണ്ടത്, അതാണ് സംസ്‌കാരം.

യാത്രയയപ്പ് വേളയില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമല്ല, അതിനുമപ്പുറമാണ് സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.

എസ്.എഫ്.ഐ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാത്ത സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോളേജിലെ സ്റ്റാഫ് മുറിയില്‍ പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജയ്ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍, ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. ശരത് ചന്ദ്രന്‍, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.