പെട്രോള്‍ ഡീസല്‍ വില വീണ്ടും കുത്തനെ കൂടും: എത്ര കൂടിയാലും എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് മോദി സര്‍ക്കാര്‍

single-img
3 April 2018

ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 70 ഡോളറിലേക്ക്. അമേരിക്ക എണ്ണ ഉത്പാദനം കുറച്ചതും ആഗോള കരുതല്‍ ശേഖരത്തില്‍ വന്ന കുറവുമാണ് എണ്ണവില ഉയരാന്‍ കാരണം. അമേരിക്ക ഏഴ് എണ്ണക്കിണറുകളിലെ ഉത്പാദനമാണ് കുറച്ചത്. ബാരലിന് 68.71 ഡോളറാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില.

എണ്ണ ഉത്പാദക രാജ്യമായ ഇറാനുമേല്‍ അമേരിക്ക ഉപരോധം കൊണ്ടുവന്നേക്കുമെന്ന ആശങ്കകളും എണ്ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. ജനുവരിയില്‍ എണ്ണവില 70 ഡോളര്‍ കടന്നിരുന്നു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും ഉത്പാദനം വെട്ടിക്കുറച്ചതാണ് ജനുവരിയില്‍ എണ്ണവില ബാരലിന് 71 ഡോളറിലെത്തിച്ചത്.

അതേസമയം രാജ്യത്തെ ഇന്ധന വില നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയിട്ടും എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ ഇപ്പോള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് വ്യക്തമാക്കിയത്.

സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ വികസനഫണ്ടുകളുടെ പ്രധാന സാമ്പത്തിക സ്രോതസാണ് പെട്രോളിയം തീരുവ. ഇതില്‍ 42 ശതമാനം സംസ്ഥാന വിഹിതമായി കൊടുക്കും. ബാക്കിയുള്ള തുകയുടെ 60 ശതമാനം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വികസന ഫണ്ടുകള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും ഇക്കാര്യം ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോഴുണ്ടായ വിലവര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില കൂടിയത് കൊണ്ട് സംഭവിച്ചതാണ്. വിപണിയെ സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഉപഭോക്താക്കളുടെ ആശങ്ക മനസിലാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൂട്ടിയത്. ഇതുവഴി 2016-17 സാമ്പത്തിക വര്‍ഷം മാത്രം 2.42 ലക്ഷം കോടി രൂപ സര്‍ക്കാര്‍ നേടി.

പ്രതിഷേധം ശക്തമായതിനാല്‍ 2017 ഒക്‌ടോബറില്‍ എക്‌സൈസ് നികുതിയില്‍ രണ്ട് രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചെങ്കിലും ഇന്ധനവില പ്രതിദിനം കുതിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് മേല്‍ 15.33 രൂപയും പെട്രോളിന് 19.48 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടിയായി ഇപ്പോള്‍ കേന്ദ്രം ചുമത്തുന്നത്. യു.പി.എ ഭരണകാലത്ത് ഇത് അഞ്ച് രൂപ പത്ത് പൈസ ഡീസലിനും, പെട്രോളിന് 11 രൂപയുമായിരുന്നു.

2017 ജൂണ്‍ മുതലാണ് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി പെട്രോള്‍, ഡീസല്‍ വില ദിവസവും പരിഷ്‌കരിക്കാന്‍ എണ്ണക്കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് 12 ശതമാനവും ഡീസലിന് 18 ശതമാനവും വില ഉയര്‍ന്നു. ഇക്കാലയളവില്‍ ഇന്ത്യ വാങ്ങുന്ന ക്രൂഡോയിലിന്റെ വില ബാരലിന് 63 ശതമാനം വര്‍ദ്ധിച്ചു. ആവശ്യമുള്ള ക്രൂഡോയിലിന്റെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.