നഴ്‌സുമാര്‍ക്ക് ആശ്വാസം: മിനിമം വേതനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

single-img
3 April 2018

 

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. മിനിമം വേതനം കൂട്ടി സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് കോടതി വ്യക്തമാക്കി. വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി.

വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ തിടുക്കത്തിലാണ് മിനിമം വേതനം നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കുന്നതെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അതേപടി നടപ്പാക്കുകയാണെന്നും അത് മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് മാനേജ്‌മെന്റുകള്‍ ചൂണ്ടാക്കി.

എന്നാല്‍ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സുപ്രീം കോടതി നല്‍കിയ ശിപാര്‍ശകള്‍ മാത്രമല്ല, മറ്റു പല ഭാഗങ്ങളില്‍ നിന്നും ലഭിച്ച ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് വിജ്ഞാപനം ഇറക്കുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഇത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ആശുപത്രി മാനേജ്‌മെന്റുമായി സര്‍ക്കാരിന് വേണമെങ്കില്‍ ചര്‍ച്ച നടത്താം. അന്തിമ വിജ്ഞാപനം ഇറങ്ങിയശേഷം മാനേജ്‌മെന്റുകള്‍ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മിനിമം വേതനം വര്‍ധിപ്പിക്കണമെന്ന് നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അനന്തിമായി നീളുന്നതിനിടെയാണ് വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കിയത്.