പ്രതിഷേധം ഏറ്റു; മാധ്യമ നിയന്ത്രണ വ്യവസ്ഥ റദ്ദാക്കി: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടില്ലെന്ന് മോദിസര്‍ക്കാര്‍

single-img
3 April 2018

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റാന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം തീരുമാനിച്ചത്.

മാധ്യമ മേഖലയില്‍ നിന്നുമുള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധത്തേത്തുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത്. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഭരണഘടനാ സംവിധാനങ്ങളുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

വ്യാജവാര്‍ത്തയാണെന്നു പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ) എന്നിവര്‍ക്കു കൈമാറി ഉപദേശം തേടുന്നതിനാണ് നേരത്തെ നീക്കം നടന്നത്. 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്, സമിതികള്‍ സര്‍ക്കാരിനു തിരികെ നല്‍കണം. റിപ്പോര്‍ട്ട് നല്‍കുന്നതു വരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കുന്ന തരത്തിലായിരുന്നു തീരുമാനം.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.