മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍: ലക്ഷ്യം വെക്കുന്നത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരെ

single-img
3 April 2018

വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും.

രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയാണെന്ന പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും.

15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമിതികള്‍ സര്‍ക്കാരിനു തിരികെ നല്‍കണം. സമിതികള്‍ റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കും. ഇതാണ് നീക്കത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധ നയമായി മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന നടപടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരെയാണെന്നത് വ്യക്തമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുഹാസിനി ഹൈദര്‍ ട്വീറ്റ് ചെയ്തു. വ്യാജ വാര്‍ത്താ വിലക്ക് അധാര്‍മ്മികമായ രീതിയില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്ന വെബ്‌സൈറ്റുകള്‍ക്ക് ബാധകമല്ല എന്നും സുഹാസിനി ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ തീരുമാനം വന്ന ഉടന്‍ പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യ അടിയന്തിര യോഗം വിളിച്ചു. മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ യോഗത്തില്‍ ആരോപിച്ചു.