കേരളത്തില്‍ സിപിഎമ്മിന്റെ അന്ത്യശ്വാസം മുഴങ്ങുന്നത് കീഴാറ്റൂരിലാണെന്നു ബിജെപി: ‘കര്‍ഷകരെ കൊന്നൊടുക്കി ഭൂമി തട്ടിയെടുക്കാനാണു സിപിഎം ശ്രമിക്കുന്നത്’

single-img
3 April 2018

ബംഗാളില്‍ സിപിഎമ്മിന് അന്ത്യം കുറിച്ചത് നന്ദിഗ്രാമിലെ പോരാട്ടമാണെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ അന്ത്യശ്വാസം മുഴങ്ങുന്നത് കീഴാറ്റൂരിലാണെന്നു ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ. കീഴാറ്റൂര്‍ വയലിലെ ഒരു തരി മണ്ണ് പോലും അഴിമതിക്കാര്‍ക്കു വിട്ടു കൊടുക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും കീഴാറ്റൂരിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തിനു ബിജെപി എല്ലാവിധ പിന്തുണയും നല്‍കുമെന്നും നന്ദ്രിഗ്രാം സമര നായകന്‍ കൂടിയായ രാഹുല്‍ സിന്‍ഹ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്കു നടത്തുന്ന കര്‍ഷക രക്ഷാ മാര്‍ച്ച് കീഴാറ്റൂര്‍ വയലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ കൊന്നൊടുക്കി ഭൂമി തട്ടിയെടുക്കാനാണു സിപിഎം ശ്രമിക്കുന്നത്. പിറന്ന മണ്ണിനു വേണ്ടിയുള്ള പോരാട്ടമാണു കീഴാറ്റൂരില്‍ നടക്കുന്നത്.

വയല്‍ മണ്ണിട്ടു നികത്തുകയും ഇവിടെ നിന്നുള്ള മണ്ണ് കോരി കടത്തുകയും ചെയ്യുന്നതിലൂടെ മുന്നൂറ് കോടി രൂപയുടെ വരെ അഴിമതിക്കാണു സിപിഎം ലക്ഷ്യമിടുന്നത്. ഇതിനെതിരെ ബിജെപി രംഗത്തു വന്നതോടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും മുന്നോട്ടു വന്നത്. എന്നാല്‍ അവര്‍ സമരം പാതി വഴിയില്‍ ഉപേക്ഷിക്കും. ലക്ഷ്യം നേടുന്നത് വരെ ബിജെപി സമരക്കാരായ കര്‍ഷകര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും സിന്‍ഹ പറഞ്ഞു.