മോദിയുടെയും ബി.ജെ.പി.യുടെയും പ്രിയപ്പെട്ട മുദ്രാവാക്യത്തെ തള്ളി ആര്‍.എസ്.എസ്

single-img
3 April 2018

‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യത്തോട് യോജിപ്പില്ലെന്ന്‌ ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പുണെയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് വെറും രാഷ്ട്രീയ മുദ്രാവാക്യമാണ്. അത് ആര്‍.എസ്.എസിന്റെ ഭാഷയല്ല.

അത്തരം പൊള്ളത്തരങ്ങളെ അംഗീകരിക്കുന്നുമില്ല. ‘മുക്തം’ എന്ന പദം രാഷ്ട്രീയക്കാരുടേതാണ്, ആര്‍.എസ്.എസിന്റെ നിഘണ്ടുവിലുള്ളതല്ല -അദ്ദേഹം വ്യക്തമാക്കി. ‘രാഷ്ട്രനിര്‍മാണം ഒരാളുടെമാത്രം ജോലിയല്ല. ഭരണ, പ്രതിപക്ഷകക്ഷികളടക്കം എല്ലാവരുടെയും സംഭാവനകള്‍ അതിനാവശ്യമാണ്.

എല്ലാവരെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമാണ് ആര്‍.എസ്.എസ്. നടത്തുന്നത്. കോണ്‍ഗ്രസ് മുക്തഭാരതം, ആര്‍.എസ്.എസ്. മുക്തഭാരതം തുടങ്ങിയ അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കി രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി കൂട്ടായ പ്രവര്‍ത്തനമാണ് നടത്തേണ്ടത്.

നശീകരണപ്രവണതയുള്ളവരാണ് പരസ്​പരവിദ്വേഷങ്ങളും ശത്രുതയും പരത്തുന്നത്. രാഷ്ട്രനിര്‍മാണത്തില്‍ ഇത്തരക്കാര്‍ തടസ്സങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്’ -ഭാഗവത് പറഞ്ഞു.