പ്രണയകാലത്തെ ലൈംഗീക ബന്ധം ബലാല്‍സംഗമായി കാണാന്‍ കഴിയില്ല;സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

single-img
2 April 2018

മുംബൈ: പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി.

രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതിയ്ക്ക് ഏഴ് വര്‍ഷം തടവും 10000 രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

2013ലാണ് യുവതിയും കുറ്റാരോപിതനായ യോഗേഷ് പലേക്കറും പ്രണയത്തിലാകുന്നത്. വീട്ടുകാരെ പരിചയപ്പെടുത്താനെന്നു പറഞ്ഞ് യോഗേഷ് അദ്ദേഹത്തിന്റ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ അവിടെ യോഗേഷല്ലാതെ മറ്റാരുമില്ലായിരുന്നു എന്നും തുടര്‍ന്ന് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നീട്, ഒരു ‘താഴ്ന്ന ജാതിക്കാരിയെ’ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നുകാട്ടി യോഗേഷ് വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ടുമാത്രമല്ല, ഇരുവര്‍ക്കുമിടയില്‍ പ്രണയം നിലനിന്നിരുന്നുവെന്നതും ലൈംഗിക ബന്ധത്തിന് കാരണമായിരുന്നുവെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. യോഗേഷ് മാനസ്സിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗോവയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മനസ്സിലാക്കിയ യുവതി പരാതി പിന്‍വലിച്ചിരുന്നു. ഇത് ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രണയം കൊണ്ടാണെന്നും കോടതി പറഞ്ഞു.