ലോകത്തിന് ആശ്വസം;ചൈനയുടെ ബഹിരാകാശനിലയം ദക്ഷിണ പസഫിക്കിനു മുകളില്‍ കത്തിയമര്‍ന്നു.

single-img
2 April 2018

ബെയ്ജിങ്∙ നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8:15 നാണ് (ഇന്ത്യന്‍ സമയം ആറ് മണിയോടെ) ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അന്തരീക്ഷത്തില്‍ വച്ചുതന്നെ ഇതിന്റെ ബഹൂഭൂരിപക്ഷം ഭാഗവും കത്തിയമര്‍ന്നുവെന്ന് ചൈനീസ് ബഹിരാകാശ അതോറിറ്റി അറിയിച്ചു.

ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും അടുത്തായി ഇത് പതിക്കുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ചൈനീസ് ഗവേഷകര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയോടെ നിലയത്തിന്റെ വലിയ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നും ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് തന്നിരുന്നു.
2016 സെപ്റ്റംബര്‍ 14നാണു തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻഗോങ്–1. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണു പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.