ജസ്റ്റിസ് ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി; പിന്നില്‍ മഹാരാഷ്ട്ര മന്ത്രിയുടെ ഭാര്യാസഹോദരനെന്ന് വെളിപ്പെടുത്തല്‍.

single-img
2 April 2018

ന്യൂഡല്‍ഹി ബി.ജെ.പിയെ വെട്ടിലാക്കി ജഡ്ജി ബ്രിജോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര മന്ത്രിയുമായി ബന്ധമുള്ള ഒരു ഡോക്ടര്‍ ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്നാണ് ‘ദി കാരവന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടത്തിയെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മഹാരാഷ്ട്ര ധനകാര്യ മന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുധീര്‍ മുംഗാന്തിവാറിന്റെ ഭാര്യാ സഹോദരനും നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ പ്രൊഫസറുമായിരുന്ന ഡോ. മകരന്ദ് വ്യവഹാരെയാണെന്നാണ് കാരവന്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങാടിവാറിന്റെ ബന്ധുവാണ് ഡോ.മകരന്ദ്. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരിലെ രണ്ടാമനാണ് മന്ത്രി സുധീര്‍.

ലോയയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലെ ഡോ.എന്‍.കെ.തുമ്രന്‍ ആണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എന്നാല്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗമായ മകരന്ദ് വ്യാവാഹാരെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് കാരവന്റെ റിപ്പോര്‍ട്ടിലുള്ളത്.

2014 ഡിസംബര്‍ 1 നായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. ഈ സമയത്ത് വിവിധ ജീവനക്കാര്‍ അവിടെയുണ്ടായിരുന്നു. ഡോ.മകരന്ദ് ആയിരുന്നു പോസ്റ്റുമോര്‍ട്ടം പരിശോധനക്ക് നേതൃത്വം വഹിച്ചത്. ലോയയുടെ തലയിലും പുറകിലുമുള്ള മുറിവ് സംബന്ധിച്ച്‌ പരിശോധനയില്‍ പാകപിഴകള്‍ കണ്ടത് ചോദ്യം ചെയ്ത ജൂനിയര്‍ ഡോക്ടറോട് ഡോ.മകരന്ദ് ആക്രോശിക്കുകയും ചെയ്തു. ലോയയുടെ തലയിലെ മുറിവ് സംബന്ധിച്ച്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.

എന്നാല്‍ ലോയയുടെ തലയുടെ പുറകില്‍ വലതുവശത്തായി മുറിവുണ്ടായിരുന്നതായി മെഡിക്കല്‍ കോളെജിലെ മറ്റ് ജീവനക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കല്ല് കൊണ്ട് തലയ്ക്കടിച്ച പോലെയും ശരീരത്തില്‍ വിള്ളലുണ്ടായിരുന്നതായും അവര്‍ പറയുന്നു.

2014 ഡിസംബര്‍ ഒന്നിന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് ജസ്റ്റിസ് ലോയ മരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോയയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മരണത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ 2016 നവംബറിനും 2017 നവംബറിനും ഇടയില്‍ ലോയയുടെ കുടുംബവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലെ നടത്തിയ സംഭാഷണങ്ങളാണ് മരണത്തെ കുറിച്ച് സംശയം ഉയര്‍ത്തിയത്. താന്‍ നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ താക്ലെ കാരവന്‍ മാസികയിലൂടെ പുറത്തു വിട്ടു.

ലോയയുടെ തലയില്‍ മുറിവുണ്ടായിരുന്നതായും ഷര്‍ട്ടിലും ശരീരത്തിലും രക്തമുണ്ടായിരുന്നതായും ലോയയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നതാണ്.

 

മുംബൈ സിബി.ഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച്.ലോയ, സൊഹ്റാബുദ്ദിന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേള്‍ക്കവെ നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം ഉന്നതരാണ് വ്യാജഏറ്റുമുട്ടല്‍ക്കേസിലെ പ്രതികള്‍.