കോണ്‍ഗ്രസ് നേതാവ് കൈവശപ്പെടുത്തിയ ‘ലവ് ഡെയില്‍’ ഹോംസ്റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു; യഥാര്‍ത്ഥ ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് റവന്യു മന്ത്രി

single-img
1 April 2018

മൂന്നാറില്‍ കോണ്‍ഗ്രസ് നേതാവ് വിവി ജോര്‍ജ് കൈവശപ്പെടുത്തിയിരുന്ന ലവ് ഡെയില്‍ ഹോംസ്റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു. ഹോംസ്റ്റേ ഒഴിയാന്‍ ഹൈക്കോടതി നല്‍കിയ 6 മാസ കാലാവധി ഇന്നലെ കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റിസോര്‍ട്ട് ഏറ്റെടുത്തത്.

റിസോര്‍ട്ടില്‍ ഇനി മൂന്നാര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കും. വില്ലേജ് ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയിലേക്ക് നീങ്ങി. 1948 മുതല്‍ വിവിധ അബ്കാരി കമ്പനികള്‍ക്കായി പാട്ടത്തിന് നല്‍കിയതായിരുന്നു ഈ കെട്ടിടവും സ്ഥലവും.

2005ല്‍ മൂന്നാര്‍ സ്വദേശിയായ വി.വി.ജോര്‍ജ് എന്നയാള്‍ ഈ സ്ഥലം കൈവശപ്പെടുത്തുകയും സ്ഥലത്തിന്‍മേല്‍ അവകാശം സ്ഥാപിക്കാന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സ്ഥലം സര്‍ക്കാരിന്റേതാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് വന്നത്.

അതേസമയം ലവ് ഡെയില്‍ റിസോര്‍ട്ട് ഒഴിപ്പിക്കല്‍ മൂന്നാര്‍ നടപടികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തിയും നടപടി സ്വീകരിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണിത്.

അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിര്‍പ്പുകളുണ്ടാകും. പക്ഷെ, എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.