ഇന്ദ്രന്‍സിന്റെ പ്രകടനത്തെ ഇകഴ്ത്തി സംസാരിച്ച സനല്‍കുമാര്‍ ശശിധരനെതിരെ തുറന്നടിച്ച് ‘ആളൊരുക്കം’ സംവിധായകന്‍ വിസി അഭിലാഷ്

single-img
1 April 2018

ആളൊരുക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിന്റെ പ്രകടനത്തെ ഇകഴ്ത്തി സംസാരിച്ച സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ‘ആളൊരുക്കം’ സംവിധായകന്‍ വി.സി.അഭിലാഷ്. സിനിമ കാണാതെ ഇന്ദ്രന്‍സിന്റേതിനെക്കാള്‍ മികച്ച പ്രകടനം കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുണ്ടെന്നുപറഞ്ഞ സനല്‍കുമാറിനെതിരെയാണ് അഭിലാഷ് തുറന്നടിച്ചത്.

‘ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുത്തു. സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാള്‍ നന്നായിട്ട് പെര്‍ഫോം ചെയ്ത ആളുകള്‍ ഉണ്ടായിരുന്നു…’ ഇങ്ങനെയായിരുന്നു സനല്‍കുമാര്‍ ശശിധരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെയാണ് വി.സി. അഭിലാഷിന്റെ പ്രതിഷേധപ്രതികരണം. കുറിപ്പ് ഇങ്ങനെ:

ഇന്ദ്രന്‍സേട്ടന്റ ഈ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ സനല്‍ കുമാര്‍ ശശിധരന്‍ ?

പ്രിയപ്പെട്ട സനല്‍ കുമാര്‍ ശശിധരന്‍,

കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താങ്കള്‍ ഇങ്ങനെ പറയുന്നു.

‘ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുത്തു. സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാള്‍ നന്നായിട്ട് പെര്‍ഫോം ചെയ്ത ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുത്തു. അപ്പൊ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. ജനങ്ങള്‍ക്കുണ്ട്. അപ്പൊ അദ്ദേഹത്തിന് ഒരു അവാര്‍ഡ് കൊടുത്തപ്പോ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരേം ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതം വയ്പുകള്‍ എല്ലാക്കാലത്തുമുണ്ട്.!’

പ്രിയപ്പെട്ട സനല്‍,

ആളൊരുക്കത്തില്‍ ശ്രീ. ഇന്ദ്രന്‍സിന്റെ പ്രകടനം മറ്റൊന്നിനേക്കാള്‍ താഴെയാണെന്ന് വിലയിരുത്തണമെങ്കില്‍ താങ്കള്‍ ഈ ചിത്രം കണ്ടിരിക്കണമല്ലോ. എങ്കില്‍ അതെവിടെ വെച്ചാണെന്ന് പറയാമോ? ഈ സിനിമ ഏപ്രില്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ആളൊരുക്കത്തിന്റെ ഒരു പ്രീവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ താങ്കള്‍ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഒരു ഷോ സംഘടിപ്പിക്കപ്പെട്ടതുമില്ല. പിന്നെങ്ങനെയാണ് താങ്കള്‍ മേല്‍പ്പറഞ്ഞ നിഗമനത്തിലെത്തിയത്?
(മാത്രമല്ല, ഇത്തവണ അവാര്‍ഡ് കമ്മിറ്റിയ്ക്ക് മുമ്പാകെ വന്ന എത്ര ചിത്രങ്ങള്‍ താങ്കള്‍ കണ്ടു എന്നറിയാനും എനിക്ക് ഈ സാഹചര്യത്തില്‍ താല്‍പര്യമുണ്ട്.)

താങ്കള്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ അവര്‍ മറ്റെന്തൊക്കെയോ ആണ് എന്നുമുള്ള അഭിപ്രായം പരമ പുശ്ചത്തോടെ മാത്രമേ കാണാനാകൂ..ഞങ്ങള്‍, ഇന്ദ്രന്‍സേട്ടന് ലഭിച്ച ഈ പുരസ്‌കാരം ഹൃദയത്തോട് ചേര്‍ക്കുന്നതിനൊപ്പം അവാര്‍ഡ് ലഭിക്കാതെ പോയവരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഓര്‍മപ്പെടുത്തട്ടെ. അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട മറ്റു പല സിനിമകളും ഞങ്ങള്‍ക്ക് കാണാനായിട്ടില്ല എന്നതാണ് അതിനുള്ള കാരണം.

പ്രസ്തുത അഭിമുഖത്തിലും പൂര്‍വകാല അഭിമുഖങ്ങളിലുമെല്ലാമുള്ള താങ്കളുടെ വാദങ്ങളുടെ ആകെത്തുക സ്വന്തം സൃഷ്ടി ഇവിടെ വേണ്ട വിധം അംഗീകരിക്കപ്പെടുന്നില്ല എന്നതാണല്ലോ. അതേ മാനദണ്ഡം വച്ച് നോക്കിയാല്‍ താങ്കള്‍ ചെയ്യുന്നതും അത് തന്നെയല്ലേ? ഇന്ദ്രന്‍സ് എന്ന പ്രതിഭയുടെ ഈ നേട്ടത്തെ അപകര്‍ത്തിപ്പെടുത്തുകയല്ലേ താങ്കള്‍ ചെയ്തത്?

ഒരാള്‍ക്ക് ഒരു അംഗീകാരം കിട്ടുമ്പോള്‍, ആ പെര്‍ഫോമന്‍സ് കാണാതെ തന്നെ, അതിനെ അപമാനിക്കുന്നത് ലളിതശുദ്ധമായ മലയാളഭാഷയില്‍ പറഞ്ഞാല്‍ അല്‍പത്തരമാണ്. നിര്‍ഭാഗ്യവശാല്‍ ആളൊരുക്കം (താങ്കളുടെ ഭാഷ കടമെടുത്താല്‍) ഒരു ‘ആര്‍ട്ട്’ സിനിമയല്ലാതായിപ്പോയി. (അല്ലെങ്കില്‍ തന്നെ എന്താണ് ഈ ആര്‍ട്ട് സിനിമ, ആര്‍ട്ടല്ലാത്ത സിനിമ എന്ന കാര്യം എനിക്ക് ഇതുവരേം പിടികിട്ടിയിട്ടില്ല. കലാമൂല്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇപ്പോള്‍ തീയ്യറ്ററില്‍ വാണിജ്യ വിജയം നേടി മുന്നേറുന്ന സുഡാനിയെ താങ്കള്‍ ഏത് ഗണത്തില്‍ പെടുത്തും? )

ആര്‍ട്ട് സിനിമകളിലൂടെ മാത്രമേ നല്ല അഭിനേതാക്കളുണ്ടാവൂ എന്ന് താങ്കള്‍ ധരിച്ച് വശായിരിക്കുന്നു എന്ന് തോന്നുന്നു. ചരിത്രം താങ്കളെ തിരുത്തുമെന്നാണ് എന്റെ എളിയ പ്രതീക്ഷ. എന്റെ പോയിന്റ്, ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയം അവാര്‍ഡിനര്‍ഹമല്ല എന്ന താങ്കളുടെ ആക്ഷേപത്തിനെതിരെ മാത്രമാണ്. എന്നാല്‍ അത്തരമൊരു ആക്ഷേപം ആര്‍ക്കുമുന്നയിക്കാനുള്ള അവകാശമുണ്ട്. അത് പക്ഷേ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാനിടയാക്കിയ ചിത്രമെങ്കിലും കണ്ടിട്ട് വേണമായിരുന്നു , എന്നു മാത്രം!

ആളൊരുക്കത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ താങ്കളുടെ മുന്നില്‍ ഒരു അഭ്യര്‍ത്ഥന വയ്ക്കുകയാണ്. ആളൊരുക്കത്തിന്റെ മെറിറ്റ് അത് കാണുന്നവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങള്‍. ഈ സിനിമ റിലീസ് ചെയ്യുമ്പോളെങ്കിലും ഒന്ന് കാണാന്‍ ശ്രമിക്കുക.

അതാവും താങ്കളുടെ സംശയങ്ങള്‍ക്കുള്ള ഉത്തമ മരുന്ന്.

വി സി അഭിലാഷ്.