‘പിണറായി വിജയനെ കൊണ്ടുമാത്രമാണ് കേരളത്തില്‍ വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ സാധ്യമാവുക’: മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
1 April 2018

കേരളത്തില്‍ റോഡുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പിണറായി വിജയനെ കൊണ്ടുമാത്രമാണ് കേരളത്തില്‍ വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ സാധ്യമാവുന്നതെന്ന് ഗഡ്കരി പറഞ്ഞു.

കഴിഞ്ഞദിവസം നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചര്‍ച്ചയ്ക്ക് എത്തിയപ്പോഴാണ് പ്രശംസ.കേരളത്തില്‍ ദേശീയപാത വികസനം മാത്രമല്ല, ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി സൂചിപ്പിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാവുമെന്നും ഗഡ്കരി പറഞ്ഞു.

മുന്‍സര്‍ക്കാരുകളുടെ കാലത്ത് മുടങ്ങിക്കിടന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ജീവന്‍വെച്ചത് പിണറായി മുഖ്യമന്ത്രിയായതിനുശേഷമാണ്. വടക്കന്‍ ജില്ലകളില്‍ ഭൂമിയേറ്റെടുത്തു നല്‍കാന്‍ കഴിയാഞ്ഞതിനാല്‍ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.ഡി.എഫ്. സര്‍ക്കാരിനോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി കാണാനെത്തിയപ്പോള്‍ അദ്ദേഹം പിണറായിയോട് ആദ്യം പറഞ്ഞത് മുടങ്ങിക്കിടക്കുന്ന ഗെയില്‍ പൈപ്പ് ലൈനിനെക്കുറിച്ചാണ്. ഗുജറാത്തിനും കേരളത്തിനും ഒരേ സമയത്താണ് എല്‍.എന്‍.ജി. ടെര്‍മിനല്‍ അനുവദിച്ചതെങ്കിലും ഗുജറാത്തിലേത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തത് ഖേദകരമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചിരുന്നു. അന്നു പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ് ഒന്നരവര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാവുന്നത്.