മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​ത് 1234 കു​ട്ടി​ക​ൾ മാത്രം

single-img
31 March 2018

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കുന്ന മ​ത​ര​ഹി​ത​രാ​യ കു​ട്ടി​ക​ളു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. 1234 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ​ക്ക്. ഐ​ടി അ​റ്റ് സ്കൂ​ൾ ഡ​യ​റ​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ 1,24,147 വി​ദ്യാ​ർ​ഥി​ക​ൾ മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണ് സ്കൂ​ളി​ൽ ചേ​ർ​ന്നു പ​ഠി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി നേ​രത്തെ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്. ഐ​ടി അ​റ്റ് സ്കൂ​ൾ ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ സാ​ദ​ത്ത് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് മ​ത​മി​ല്ലെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ 1234 കു​ട്ടി​ക​ളി​ൽ 746 പേ​ർ മ​ത​വി​ശ്വാ​സ​മി​ല്ലെ​ന്നും 488 പേ​ർ മ​തം ബാ​ധ​ക​മ​ല്ലെ​ന്നും ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പു​റ​ത്തു​വി​ട്ട ഒ​ന്നേ​കാ​ൽ ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ മ​ത, ജാ​തി ര​ഹി​ത​രെ​ന്ന ക​ണ​ക്ക് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്ന​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ വ​സ്തു​ത പു​റ​ത്തു​വ​ന്ന​ത്. കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന സ​മ്പൂ​ർ​ണ സോ​ഫ്ട്വെ​യ​റി​ലെ സാ​ങ്കേ​തി​ക പി​ശ​കു​ക​ളാ​ണ് ക​ണ​ക്കു​ക​ളി​ലെ അ​വ്യ​ക്ത​ത​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.