അമേരിക്ക വിസ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു: ഇനി സോഷ്യല്‍ മീഡിയ ഹിസ്റ്ററിയും സമര്‍പ്പിക്കണം

single-img
30 March 2018

യു.എസ് വിസ അപേക്ഷകരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വ്യക്തികളുടെ മുമ്പുണ്ടായിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം.

രാജ്യത്തിന് ഭീഷണിയായേക്കുന്നവരുടെ വരവിനെ തടയുകയാണ് ഇതിലുടെ യു.എസ് ലക്ഷ്യമിടുന്നത്. ഇമിഗ്രന്റ് വിസയ്ക്കായി അപേക്ഷിക്കുന്ന 7.1 ലക്ഷം പേരെയും നോണ്‍–ഇമിഗ്രന്റ് വിസയ്ക്കായി അപേക്ഷിക്കുന്ന 1.4 കോടി പേരെയും ബാധിക്കുന്നതാണു പുതിയ നയം.

ഫെയ്‌സ്ബുക്കിലും ട്വിറ്ററ്റിലും ഉള്‍പ്പെടെ അപേക്ഷകന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആരംഭിച്ച എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും (സോഷ്യല്‍ മീഡിയ ഹാന്‍ഡ്ല്‍) വിവരങ്ങളാണു നല്‍കേണ്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഫോണ്‍ നമ്പരുകളും ഇതോടൊപ്പം നല്‍കണം; അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇമെയില്‍ വിലാസങ്ങളും.

വീസ അപേക്ഷകന്‍ നടത്തിയ രാജ്യാന്തര യാത്രകളുടെ വിവരങ്ങളും നല്‍കണം. ഏതെങ്കിലും രാജ്യത്തു നിന്നു നാടു കടത്തപ്പെടുകയോ മറ്റു ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതുണ്ട്. അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുള്ള കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യവുമുണ്ട്. അപേക്ഷകന്റെ ആരോഗ്യനില സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്.

നേരത്തേയും ഇത്തരത്തില്‍ യുഎസ് വീസ അപേക്ഷകരില്‍ നിന്നു വിവരങ്ങള്‍ തേടിയിരുന്നു.. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമായിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അത്. പുതിയ നയം നടപ്പാക്കുന്നതോടെ ഈ ‘വിവരശേഖരണം’ എല്ലാവര്‍ക്കും ബാധകമാകും.

യു.എസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് വിസ ചട്ടങ്ങള്‍ കൂടതല്‍ കര്‍ശനമാക്കിയത്. അതിവേഗത്തില്‍ വിസ നല്‍കുന്ന സംവിധാനത്തിന് പല തവണ ട്രംപ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എച്ച് 1 ബി വിസ നല്‍കുന്നതിലും യു.എസ് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.