യുഎസ് നടപടിക്കു റഷ്യയുടെ തിരിച്ചടി: 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

single-img
30 March 2018

ഇരട്ട ചാരവിഷയത്തില്‍ 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയുടെ നടപടിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി റഷ്യ. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റ് അടയ്ക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്‌റോവ് പ്രഖ്യാപിച്ചു.

മുന്‍ റഷ്യന്‍ ഇരട്ടചാരന് വിഷബാധയേറ്റ സംഭവത്തില്‍ ബ്രിട്ടനുമായുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചായിരുന്നു തുടക്കം. ബ്രിട്ടനെ കൂടാതെ 20 ഓളം രാജ്യങ്ങളാണ് റഷ്യയ്‌ക്കെതിരെ നടപടികള്‍ സ്വീകരിച്ചത്. ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് യുഎസ് തീരുമാനിച്ചിരുന്നു.

ഏഴുദിവസത്തിനകം അമേരിക്ക വിടാനും സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടു. ഇത് റഷ്യയെ ചൊടിപ്പിച്ചു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കന്‍ നടപടിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയാണ് റഷ്യയുടെ മറുപടി.

റഷ്യന്‍ പ്രസിഡന്റായി വ്‌ലാഡിമര്‍ പുടിന്‍ വീണ്ടും അധികാരമേറ്റശേഷമുള്ള ഈ പുറത്താക്കല്‍ നടപടി ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകും. ഈ മാസം നാലിനാണ് റഷ്യന്‍ ഇരട്ടചാരന്‍ സെര്‍ജി ക്രിപാലിനെയും മകളെയും വിഷബാധയേറ്റനിലയില്‍ ബ്രിട്ടനില്‍ കണ്ടെത്തിയത്.