ചോദ്യപേപ്പര്‍ സംരക്ഷിക്കാന്‍ പറ്റാത്തവര്‍ രാജ്യത്തെ എങ്ങനെ സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ്

single-img
30 March 2018

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ഒരു ചോദ്യപേപ്പര്‍ പോലും സംരക്ഷിക്കാന്‍ പറ്റാത്തവര്‍ക്കെങ്ങനെ രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് മുന്‍ മാനവ വിഭവശേഷി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍.

‘ചോദ്യ ചോര്‍ച്ച യുപിഎ അധികാരത്തിലിരിക്കുമ്പോഴാണ് നടന്നതെങ്കില്‍ എന്തായിരിക്കും ബഹളം. എന്നാലിപ്പോഴുണ്ടായ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ലാ എന്നത് അതിശയിപ്പിക്കുന്നു. ചോദ്യപേപ്പര്‍ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ രാജ്യത്തെ സംരക്ഷിക്കുമെന്ന് പറയാന്‍ അവകാശമില്ല.

രാജ്യത്തെ വിദ്യാര്‍ഥികളെല്ലാം ഇത് മൂലം വലിയ കഷ്ടപാടാണ് അനുഭവിക്കുന്നത്. സിബിഎസ്ഇ ചോദ്യപേപ്പര്‍ മാത്രമല്ല ചോര്‍ന്നത്. എസ്എസ്‌സി കുംഭകോണവും വളരെ ഗൗരവമേറിയതാണ്. ഇതിന്റെയൊന്നും ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉത്തരവാതിത്വമെന്നും’ കബില്‍ സിബില്‍ ചോദിച്ചു.

അതേസമയം ചോദ്യച്ചോര്‍ച്ച ഭാവിയെ എങ്ങനെ ബാധിക്കാതിരിക്കാം എന്നതാവും മോദിയുടെ അടുത്ത പുസ്തകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. എക്‌സാം വാരിയേഴ്‌സ് രണ്ട് എന്ന പേരിലുള്ള പുതിയ പുസ്തകത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദം എങ്ങനെ കുറയ്ക്കാമെന്നും മോദിക്ക് വിശദീകരിക്കാം–- രാഹുല്‍ കളിയാക്കി. ആദ്യപുസ്തകത്തിന്റെ പുറംചട്ട സഹിതമാണ് ട്വീറ്റ്.