ആദരാഞ്ജലി പോസ്റ്റര്‍ പതിച്ച സംഭവം; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് കോളേജ് പ്രിന്‍സിപ്പാള്‍

single-img
30 March 2018

കാസര്‍കോട് പടന്നക്കാട് നെഹ്‌റു കോളേജിലെ വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പു ചടങ്ങിനിടെ ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത് കൂടുതല്‍ വിവാദത്തിലേക്ക്. കോളജ് മാനേജ്‌മെന്റുമായി ആലോചിച്ചശേഷം ഇക്കാര്യത്തില്‍ നിയമനടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

അവഹേളിച്ചത് എസ്എഫ്‌ഐക്കാരെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പാള്‍ കെ.എസ്.യു ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളോട് പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്എഫ്‌ഐ നേരത്തെ ആരോപിച്ചിരുന്നു.

ഇതു സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങളും കോളേജില്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് മെയ് മാസത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പാളിന് മറ്റ് അധ്യാപകര്‍ക്കൊപ്പം കഴിഞ്ഞ ദിവസം യാത്രയയപ്പ് നല്‍കിയത്. ഇതോടനുബന്ധിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കാമ്പസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ്എഫ്‌ഐയാണെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. അറ്റന്‍ഡന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്ന് അവര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ അധ്യാപകരുടെ പക്കലുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറയുഞ്ഞു.

അതേസമയം സംഭവം സാക്ഷര കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേയ്‌സ്ബുക്കില്‍ കുറിച്ചു.