കര്‍ണാടകയില്‍ വീണ്ടും ‘പുലിവാലു പിടിച്ച്’ അമിത് ഷാ

single-img
30 March 2018

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്. അസുഖ ബാധിതനായ ബി.ജെ.പി പ്രവര്‍ത്തകന്‍ രാജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കിയെന്നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന്‍െ ആരോപണം.

അഞ്ചു ലക്ഷം രൂപ രഹസ്യമായി ബി.ജെ.പി പ്രവര്‍ത്തകന്റെ മാതാവിന് കൈമാറി. ഈ വിവരം പ്രവര്‍ത്തകന്‍െ കുടുംബം തന്നെയാണ് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകത്തില്‍ നിയമവിരുദ്ധ പ്രവൃത്തികളാണ് അമിത് ഷാ നടത്തുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും ഗുണ്ടുറാവു മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രാതിനിധ്യ നിയമം ലംഘിച്ച ബി.ജെ.പി അധ്യക്ഷന്‍ കര്‍ണാടകത്തില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുമെന്നും ഗുണ്ടുറാവു വ്യക്തമാക്കി.

അതിനിടെ, മൈസൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച ദലിത് നേതാക്കളുടെ യോഗത്തില്‍ അമിത് ഷാക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യന്‍ ഭരണഘടന തിരുത്തി എഴുതണമെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയെ പുറത്താക്കാത്തത് എന്തു കൊണ്ടെന്ന് ദലിത് നേതാക്കള്‍ ചോദിച്ചു. എന്നാല്‍ മന്ത്രിയുടെ വിവാദ പ്രസ്താവന പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് അമിത് ഷാ യോഗത്തില്‍ പ്രസ്താവിച്ചു.

അതിനിടെ തനിക്കും പരിഭാഷകനും നാക്കുപിഴ സംഭവിച്ചത് ട്രോളര്‍മാര്‍ ഏറ്റെടുത്തിനെ കുറിച്ചും അമിത് ഷാ പ്രതികരിച്ചു. തനിക്ക് തെറ്റുപറ്റാം, എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് ഷാ പറഞ്ഞു. അതൊരു നാക്ക് പിഴയായിരുന്നു.

സിദ്ധരാമയ്യ സര്‍ക്കാര്‍ ഏറ്റവും വലിയ അഴിമതിക്കാരാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. 2014ന് ശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇപ്പോള്‍ കര്‍ണാടകയുടെ അവസരമാണെന്നും അമിത് ഷാ വ്യക്തമാക്കി.