തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈപിടിച്ചു ഞെരിച്ച് നഴ്‌സിങ് അസിസ്റ്റന്റിന്റെ ക്രൂരത (വിഡിയോ)

single-img
29 March 2018

https://www.facebook.com/mediakazhchakal/videos/743980562463627/

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയോട് നഴ്‌സിങ് അസിസ്റ്റന്റ് കാട്ടിയ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. കാല്‍ ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ട് കിടന്ന രോഗിയുടെ കൈവിരലുകള്‍ ആശുപത്രി ജീവനക്കാരന്‍ ഞെരിച്ച് ഒടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിരല്‍ ഞെരിച്ച് ഒടിച്ചത് കൂടാതെ രോഗിയെ തല്ലാന്‍ കൈവീശുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ സുനില്‍ കുമാറാണ് 15ാം വാര്‍ഡില്‍ ചികിത്സിലായിരുന്ന രോഗിയോട് ക്രൂരത കാണിച്ചത്. വിരലൊടിഞ്ഞതിനെ തുടര്‍ന്നുള്ള വേദനയില്‍ രോഗി പുളയുന്നതും ഉറക്കെ കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ സംഭവം സമീപത്തെ കട്ടിലില്‍ ഇരിക്കുന്ന രോഗി കാണുന്നുണ്ടായിരുന്നു. ആക്രമണത്തിന് ഇരയായ രോഗിയുടെ സമീപത്ത് ഉണ്ടായിരുന്ന ആളാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

അതേസമയം, അക്രമത്തിന് ഇരയായ രോഗി ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുനില്‍ കുമാറിനെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വാര്‍ഡിലെത്തിയ നഴ്‌സിങ് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും രോഗികളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

അക്രമസംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.