തിരുവനന്തപുരത്തെ റേഡിയോ ജോക്കിയുടെ കൊലപാതകം; ഖത്തറിലുള്ള സ്ത്രീയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

single-img
29 March 2018

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണോയെന്ന് സംശയം. കൊലപാതകികള്‍ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കൊലനടന്ന സ്ഥലത്തേക്കു കാര്‍ വരുന്നതും പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കാറിന്റെ നമ്പര്‍ വ്യക്തമല്ല. അതേസമയം, കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. രാജേഷിന്റെ കൊലയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വിദേശത്തുള്ള സ്ത്രീ സുഹൃത്തുമായുള്ള ബന്ധം കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതിനിടെയാണ് കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട രാജേഷ് ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ ശത്രുക്കളുണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ചുവന്ന കാറിലെത്തിയ മുഖംമൂടി സംഘം രാജേഷിനെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് രാജേഷിനൊപ്പം വെട്ടേറ്റ് ചികില്‍സയിലുള്ള സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.

ഖത്തറിലുള്ള സ്ത്രീ സുഹൃത്തുമായി മണിക്കൂറുകളോളം രാജേഷ് സംസാരിച്ചതായി ഫോണ്‍രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. മുഖംമൂടി സംഘം ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടര മണിക്ക് ആക്രമിക്കുമ്പോഴും ഇവര്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. രാജേഷ് ആക്രമിക്കപ്പെടുന്നത് സ്ത്രീ സുഹൃത്തും അതേസമയം തന്നെ അറിയുന്നുണ്ടായിരുന്നു.

ആക്രമണ വിവരം നാടന്‍ കലാസംഘത്തില്‍ ഒപ്പമുള്ളവരെ ഫോണിലൂടെ അറിയിച്ചതും ഇതേ സുഹൃത്താണ്. രാജേഷുമായി അടുപ്പമുണ്ടായിരുന്നതായി ആലപ്പുഴ സ്വദേശിയായ സ്ത്രീയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാജേഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായും പോലീസിനോട് സ്ത്രീ പറഞ്ഞു.

ചെക്ക് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് വരാനാകില്ലെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ ഭര്‍ത്താവിനും ഗള്‍ഫില്‍ യാത്രവിലക്കുണ്ടെന്ന് പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. ലോക്ക് ചെയ്തിരിക്കുന്ന രാജേഷിന്റെ ഫോണ്‍ സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ പോലീസ് പരിശോധിക്കും. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ഖത്തറിലും നാട്ടിലുമുള്ള രാജേഷിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏതാനും മാസം മുന്‍പുവരെ വിദേശത്തായിരുന്ന രാജേഷ് ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് തിരികെ എത്തിയത്. ഇതുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കൊലയെന്ന സംശയത്തിലാണ് അന്വേഷണം മുന്നേറുന്നത്.