ഐഎസ്ആര്‍ഒയ്ക്ക് വീണ്ടും അഭിമാന നിമിഷം; ജിസാറ്റ് 6എ വിക്ഷേപണം വിജയകരം

single-img
29 March 2018

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകിട്ട് 4.56നാണ് ജിസാറ്റ് 6 എ ഉപഗ്രഹവും വഹിച്ച് ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്.

വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമായ ജിസാറ്റ് 6 എയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. വിക്ഷേപിച്ച് 17 മിനിട്ടിനുള്ളില്‍ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍കാലിക ഭ്രമണപഥത്തില്‍ ജി.എസ്.എല്‍.വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിച്ചു.

തുടര്‍ന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കണ്‍ട്രോള്‍ റൂം ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ഉപഗ്രഹത്തെ 36,000 കിലോമീറ്റര്‍ അകലെയുള്ള അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കും. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരുകയാണ് ജിസാറ്റ് 6 എയുടെ ദൗത്യം.

ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടുതല്‍ വ്യക്തതയുള്ള സിഗ്‌നലുകള്‍ കൈമാറാന്‍ സാധിക്കുന്ന ഉപഗ്രഹം സൈനിക മേഖലയിലെ ആവശ്യങ്ങള്‍ക്കും ഉപകരിക്കും.

ജിസാറ്റ് പരമ്പരയിലെ 12മത് വിക്ഷേപണമാണ് ഇന്നത്തേത്. തദ്ദേശീയമായി വികസിപ്പിച്ച സിഇ7.5 ക്രയോജനിക് വികാസ് എന്‍ജിനാണ് ജി.എസ്.എല്‍.വി മാര്‍ക് 2ന്റെ കരുത്ത്. 2,140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഭൂമിയിലെ കണ്‍ട്രോള്‍ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള ആറു മീറ്റര്‍ വിസ്തീര്‍ണമുള്ള വൃത്താകൃതിയിലുള്ള ആന്റിന ഉണ്ട്. 10 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.